ആരാണ് പിന്നിലെന്ന് വിധി വന്നശേഷം വെളിപ്പെടുത്തും, എനിക്ക് മകളും മകനും നഷ്ടപ്പെട്ടു; നീനുവിന്റെ അച്ഛന്‍ ചാക്കോ

തനിക്ക് ചിലത് വെളിപ്പെടുത്താനുണ്ടെന്ന് നീനുവിന്റെ അച്ഛനും കേസില്‍ കോടതി വെറുതെവിട്ടയാളുമായ ചാക്കോ ജോണ്‍. തനിക്ക് മകളെയും മകനെയും നഷ്ടപ്പെട്ടു. കെവിനെക്കുറിച്ചോ, അവന്റെ കുടുംബത്തെക്കുറിച്ചോ തങ്ങള്‍ക്ക് അറിയില്ലായിരുന്നു. തന്നെയും മകനെയും കേസില്‍ കുടുക്കിയതാണ്. ഇതിനെ കുറിച്ച് ശിക്ഷ വന്ന ശേഷം പ്രതികരിക്കും. താനും മകനും ഇപ്പോള്‍ ജയിലില്‍ കിടക്കുന്നവരും നിരപരാധികളാണ്. ദൈവം നല്‍കിയ ഒരു ജീവന്‍ എടുക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ല. താനും മകനും കെവിനെ കൊലപ്പെടുത്തിയിട്ടില്ല. ദൈവം ഉണ്ടെങ്കില്‍ ഒരിക്കല്‍ സത്യം തെളിയുമെന്നും കേസില്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും ചാക്കോ പറഞ്ഞു. കെവിന്‍ കേസില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെ വിട്ടതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചാക്കോ.

അതേസമയം, കെവിന്‍ കേസില്‍ നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ ഉള്‍പ്പെടെ 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. നീനുവിന്റെ അച്ഛന്‍ ചാക്കോയ്ക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതിന് തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ സംശയത്തിന്റെ ആനകൂല്യം നല്‍കി ചാക്കോയെ വിട്ടയച്ചു. ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ നീനുവിനെ വിവാഹം ചെയ്തതിലുള്ള നീനുവിന്റെ ബന്ധുക്കളുടെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. ഇത് അംഗീകരിച്ച കോടതി കേസ് ദുരഭിമാനക്കൊലയാണെന്ന് വിധിച്ചു. കൊലക്കുറ്റം ഉള്‍പ്പെടെ പത്ത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് 10 വകുപ്പുകളും ബാധകമാകും. ഇതനുസരിച്ച് പരമാവധി ശിക്ഷ വരെ ഇവര്‍ക്ക് ലഭിക്കുമെന്നാണ് വിവരം.

Loading...