കഴിഞ്ഞ വര്‍ഷം ഞാന്‍ ഹാപ്പി ബര്‍ത്ത്‌ഡേ പറഞ്ഞതാണ്; പക്ഷെ, ഈ പിറന്നാളിന്…’: വാക്കുകൾ കിട്ടാതെ വിതുമ്പി നീനു

ഇന്ന് കെവിന്റെ 24-ാം പിറന്നാള്‍. കഴിഞ്ഞ വര്‍ഷം ഞാന്‍ ഹാപ്പി ബര്‍ത്ത്ഡേ പറഞ്ഞതാണ്, സമ്മാനം നല്‍കുകയും ചെയ്തു. പക്ഷെ, ഈ പിറന്നാളിന്…”- വാക്കുകൾ മുഴുമിപ്പിക്കാനാകാതെ നീനു നിർത്തി. പിറന്നാൾ ദിനത്തിൽ പ്രിയതമന്റെ കല്ലറ തേടിയെത്തിയതായിരുന്നു നീനു. കൈയില്‍ ചുവന്ന പനിനീര്‍പ്പൂക്കളുമായി കൂട്ടുകാരിക്കൊപ്പമാണ് നീനു സെമിത്തേരിയിൽ എത്തിയത്.

ഏഴു മാസങ്ങൾക്ക് മുൻപ് ശവസംസ്‌കാരവേളയില്‍ കല്ലറയിൽ പതിച്ചുവച്ച കെവിന്റെ ചിത്രം മങ്ങാതെ അതുപോലെ തന്നെയുണ്ട്. ചിരിക്കുന്ന ആ മുഖത്തേക്ക് നോക്കി നീനു അല്‍പ്പനേരം നിന്നു. പിന്നെ കൈയിലെ പൂക്കള്‍ കല്ലറയുടെ മുകളിൽ സമര്‍പ്പിച്ചു. സിമന്റ് തറയ്ക്ക് മുകളിൽ മുഖംചേര്‍ത്ത് വിതുമ്പി.

Loading...

കോട്ടയം കളക്ടറേറ്റിനു സമീപത്തെ നല്ലിടയന്‍പള്ളി സെമിത്തേരിയിലെ കല്ലറയ്ക്കുള്ളിലാണ് കെവിനെ അടക്കം ചെയ്തത്. 2018 മേയ് മാസം 28 നായിരുന്നു കേരളത്തെ നടുക്കിയ ദുരഭിമാനക്കൊല അരങ്ങേറിയത്. നീനുവിന്റെ അച്ഛനും സഹോദരനുമാണ് കെവിന്റെ കൊലയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. മകളുടെ ഭാവി സ്വപ്നങ്ങളായിരുന്നു രക്ഷിതാക്കൾ തകർത്തെറിഞ്ഞത്, ഒപ്പം ഒരു നിർധന കുടുംബത്തിന്റെ ഏക പ്രതീക്ഷയും.

“ഒരു പെണ്‍കുട്ടിക്കും എന്റെ അനുഭവം ഉണ്ടാകരുതേ എന്നു ഞാന്‍ ദിവസവും പ്രാര്‍ഥിക്കും. കെവിന്‍ചേട്ടന്റെ അച്ഛയുടെയും അമ്മയുടെയും ചേച്ചിയുടെയും കണ്ണീര്‍ ഇപ്പോഴും തോര്‍ന്നിട്ടില്ല. എന്നെ ജീവിതത്തില്‍ പിടിച്ചുനിര്‍ത്തിയത് അവരുടെ സ്‌നേഹമാണ്. അവര്‍കൂടി തള്ളിപ്പറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ, ഞാനിപ്പോള്‍ ഉണ്ടാവുമായിരുന്നില്ല.

എന്റെ തോല്‍വി കാണാന്‍ കാത്തിരിക്കുന്നവര്‍ ഉണ്ടെന്നറിയാം. ഞാന്‍ തോറ്റുപോയാല്‍ കെവിന്‍ചേട്ടന്റെ ആത്മാവ് വേദനിക്കും. എനിക്ക് ജീവിച്ചുകാണിക്കണം, എന്റെ വാവച്ചനു വേണ്ടി… കുറച്ചുനേരം ഇവിടെ വന്നിരിക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരാശ്വാസം തോന്നും. ഈ സ്ലാബിനു കീഴിൽ എന്നെ പ്രാണനെപ്പോലെ സ്‌നേഹിച്ച ഒരാളുണ്ടെന്ന തോന്നല്‍ തന്നെ ഒരു സമാധാനമാണ്. ഈ ലോകത്തില്‍ എനിക്ക് സമാധാനിക്കാന്‍ വേറെ എന്താണുള്ളത്?”- നീനു ചോദിക്കുന്നു.

അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് നീനു. കുട്ടികൾക്ക് ട്യൂഷൻ എടുത്ത് പഠനച്ചിലവ് കണ്ടെത്തുന്നു. കെവിന്റെ സഹോദരിക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ താത്കാലിക ജോലി ലഭിച്ചു. വീട് നിർമ്മിക്കാൻ നടപടികൾ പൂർത്തിയായിട്ടുണ്ട്. സർക്കാരിൽ നിന്ന് ഉടൻതന്നെ സാമ്പത്തിക സഹായം ലഭിക്കും.