നീര ടാന്‍ഡന്‍

വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ നവംബറിലെ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നപക്ഷം ഭരണ കൈമാറ്റം സുഗമമാക്കുന്നതിനു വേണ്ടിയുള്ള ഉന്നത സമതിയെ ഹിലരിയുടെ പ്രചാരണ വിഭാഗം പ്രഖ്യാപിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ നീര ടാന്‍ഡനും ഇതില്‍ ഉള്‍പ്പെടുന്നു. മുന്‍ ആഭ്യന്തര സെക്രട്ടറി കെന്‍ സലാസര്‍ ചെയര്‍മാനായുള്ള സമിതിയില്‍ നീരയ്ക്ക് കോ ചെയര്‍ പദവിയുണ്ട്. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ടോം ഡൊനിലന്‍, മുന്‍ ഗവര്‍ണര്‍ ജെന്നിഫര്‍ ഗ്രാന്‍ഹോം, ഹിലരിയുടെ 2008 ലെ പ്രചാരണ മാനേജര്‍ മാഗി വില്യംസ് എന്നിവരും സമിതിയിലുണ്ട്. ഹിലരിയുടെ പ്രചാരണ വിഭാഗം ചെയര്‍മാന്‍ ജോണ്‍ പോഡസ്റ്റയോടാണ് ടീം റിപ്പോര്‍ട്ടു ചെയ്യേണ്ടത്. ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായിരുന്ന അവസരത്തില്‍ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു പോഡസ്റ്റ.
പുതിയതായി തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന് സത്യപ്രതിജ്ഞ ചെയ്യുന്ന നിമിഷം മുതല്‍ ഭരണരംഗത്ത് കര്‍മനിരതമാകുന്നതിനു വേണ്ടി ഭരണ വിഭാഗത്തെ സജ്ജമാക്കുക എന്നതാണ് ‘ട്രാന്‍സിഷന്‍’ ടീമിന്റെ ചുമതല. ഫെഡറല്‍ ഗവണ്‍മെന്റിലെ നാലായിരത്തോളം നിയമനങ്ങള്‍ക്കുള്ള പട്ടിക ഇവര്‍ തയാറാക്കുന്നതാണ്. 2010 ല്‍ പാസാക്കിയ നിയമമനുസരിച്ച് രണ്ട് പ്രമുഖ സ്ഥാനാര്‍ഥികളുടെയും ‘ട്രാന്‍സിഷന്‍’ ടീമിന് പ്രവര്‍ത്തിക്കുന്നതിന് വഷിംഗ്ടണില്‍ ഓഫീസ് സൗകര്യം അനുവദിക്കും. റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രമ്പ് തന്റെ ‘ട്രാന്‍സിഷന്‍’ ടിമിന്റെ ചെയര്‍മാനായി ന്യൂജഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റിയെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സമിതിയിലെ മറ്റ് അംഗങ്ങളുടെ പേരുകള്‍ പുറത്തു വിട്ടിട്ടില്ല.
ഫിലഡല്‍ഫിയയില്‍ നടന്ന ഡെമോക്രാറ്റിക് ദേശീയ കണ്‍വന്‍ഷനില്‍ അമി ബേരയ്ക്കു പുറമേ പ്രസംഗിച്ച ഏക ഇന്ത്യന്‍ വംശജയായ നീര വര്‍ഷങ്ങളായി ഹിലരിയുമായി അടുത്ത് പ്രവര്‍ത്തിച്ചു വരുന്നു. രണ്ടായിരാമാണ്ടില്‍ ഹിലരി സെനറ്റിലേക്കു മത്സരിച്ചപ്പോള്‍ ഡെപ്യൂട്ടി കാമ്പയിന്‍ മാനേജരായിരുന്നു നീര. 2008 ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രൈമറിയില്‍ മത്സരിച്ചപ്പോള്‍ കാമ്പയിന്‍ പോളിസി ഡയറക്ടറായിരുന്നു. പിന്നീട് ഒബാമ ഭരണകൂടത്തില്‍ സീനിയര്‍ ഉപദേഷ്ടാവായി ചേര്‍ന്ന നീര, പ്രസിഡന്റിന്റെ ചരിത്ര പ്രസിദ്ധമായ ആരോഗ്യ പദ്ധതി രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. അതിനു ശേഷം ഭരണരംഗം വിട്ട് ജോണ്‍ പോഡസ്റ്റ നേതൃത്വം നല്‍കിയിരുന്ന ‘തിങ്ക് ടാങ്ക്’ ടീമിന്റെ ഭാഗമായി. പോഡസ്റ്റ ഹിലരിയുടെ പ്രചാരണ വിഭാദം ചെയര്‍മാനായതോടെ ‘തിങ്ക് ടാങ്ക്’ ടീമിന്റെ പ്രസിഡന്റ് സ്ഥാനം നീരയാണ് വഹിക്കുന്നത്. ഹിലരിയുടെ ഭരണകൂടത്തില്‍ ഏതെങ്കിലും ഇന്ത്യന്‍ അമേരിക്കക്കാര്‍ സീനിയര്‍ പൊസഷനില്‍ എത്തുമോ എത്തുമോ എന്ന ചോദിച്ചപ്പോള്‍, നീരയുടെ കാര്യത്തില്‍ തനിക്ക് ഉറപ്പുണ്ടെന്ന് പോഡസ്റ്റ അടുത്തയിടെ പറഞ്ഞിരുന്നു.