എന്തുകൊണ്ട് മാമാങ്കത്തിൽ ഇല്ല, നീരജ് മാധവ് പറയുന്നു

മമ്മൂട്ടി നായകനായ മാമാങ്കം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. സമ്മിശ്ര പ്രതികരണം നേടി പ്രദർശനം തുടരുകയാണ് ചിത്രം. ഇതിനിടെ മാമാങ്കത്തിൽ നിന്നും തന്നെ ഒഴിവാക്കിയ സാഹചര്യം തുറന്ന് പറയുകയാണ് നടൻ നീരജ് മാധവ്. ചിത്രത്തിൽ അതിഥി വേഷത്തിലായിരുന്നു നീരജ് എത്തിയത്. അതിനായി ഒരുപാട് കഷ്ടപ്പെട്ടു എന്നൽ അവസാനം ഒഴിവാക്കുക ആയിരുന്നു എന്നും നീരജ് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു നീരജിന്റെ പ്രതികരണം.

ചിത്രത്തിന്റെ ആദ്യ സംവിധായകന്‍ സജീവ് പിള്ളയെ ഒഴിവാക്കിയതിന് പിന്നാലെ തിരക്കഥയില്‍ മാറ്റം വരുത്തിയതോടെയാണ് നീരജിന്റെ രംഗങ്ങള്‍ ഒഴിവാക്കിയത്. ഇത് തന്നെ വേദനിപ്പിച്ചുവെങ്കിലും തനിക്ക് ആരോടും പരാതിയില്ലെന്നും നീരജ് പറഞ്ഞു. നീരജ് മാമാങ്കം ടീമിന് ആശംസകള്‍ നേരുകയും ചെയ്തു. ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ എടുത്ത ചിത്രത്തിന് ഒപ്പം ആണ് പോസ്റ്റ്.

Loading...

നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

മാമാങ്കത്തില്‍ എവിടെയാണ് ഞാനെന്ന് ഒരുപാട് പേര്‍ ചോദിച്ചു. അതിനുള്ള ഉത്തരം ഇതാണ്. നിങ്ങള്‍ എല്ലാവരും മനസ്സിലാക്കിയതു പോലെ ഈ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ഞാന്‍ അഭിനയിച്ചത്. കഴിഞ്ഞ ഏപ്രില്‍ മാസം ഒരാഴ്ചയോളം എന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചു. അതിഥി വേഷമാണെങ്കിലും സിനിമയില്‍ പ്രാധാന്യമേറിയ കഥാപാത്രമായിരുന്നതു. അതുകൊണ്ടു തന്നെ അതിനായി അല്‍പം കഠിനാദ്ധ്വാനവും ചെയ്തു. ഒരുമാസത്തോളം കളരിപ്പയറ്റും മറ്റ് ആയോധനമുറകളും പഠിച്ചു.എന്നാല്‍ പിന്നീട് കാര്യങ്ങള്‍ നേരെ മാറിമറിഞ്ഞു. അവസാന നിമിഷം തിരക്കഥയിലും സംവിധാനത്തിലും താരനിരയിലും വരെ മാറ്റങ്ങള്‍ ഉണ്ടായി. സിനിമയോട് യോജിക്കാത്തതിനാല്‍ എന്റെ സംഘട്ടന രംഗങ്ങള്‍ മാറ്റിവയ്ക്കുന്നുവെന്ന് അറിയിച്ചു. അങ്ങനെ ഫൈനല്‍ കട്ടില്‍ ആ രംഗം ഒഴിവാക്കി. അല്‍പം വേദനിപ്പിക്കുന്നതായിരുന്നു. പക്ഷേ എനിക്ക് ആരോടും പരാതിയില്ല. അതൊരു നല്ല തീരുമാനമായിരുന്നുവെന്ന് വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. സിനിമയുടെ നല്ലതിന് വേണ്ടിയാണല്ലോ. എന്റെ രംഗങ്ങള്‍ യുട്യൂബില്‍ ഡിലീറ്റഡ് സീന്‍സ് ആയി അപ്‌ലോഡ് ചെയ്യുമെന്നും അറിയിച്ചു. എന്തായാലും നിങ്ങള്‍ക്കത് ഉടന്‍ കാണാം. മാമാങ്കം ടീമിന് എല്ലാ ആശംസകളും നേരുന്നു. മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ ഇനിയും എനിക്ക് കാത്തിരിക്കേണ്ടി വരും.