സ്വന്തം അനുഭവത്തിന്റെ പുറത്താണ് സിനിമയിൽ ഗൂഢ സംഘമുണ്ടെന്ന് പറഞ്ഞത്: ഉന്നംവെച്ചത് പ്രൊഡക്ഷൻ കൺട്രോളറെ: അമ്മയ്ക്ക് നീരജ് നൽകിയ വിശദീകരണം ഇങ്ങനെ

സിനിമയിലെ ​ഗൂഢസംഘത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി നീരജ് മാധവൻ രം​ഗത്ത്. സ്വന്തം അനുഭവത്തിന്റെ പുറത്താണ് സിനിമയിൽ ഗൂഢ സംഘമുണ്ടെന്ന് പറഞ്ഞതെന്ന് നീരജ് വ്യക്തമാക്കി. ​ ​ഗൂഢസംഘത്തെകുറിച്ച് നീരജ് സാമൂഹ്യമാധ്യമത്തിൽ എഴുതിയ കുറിപ്പ് വൻ വിവാദം സൃഷ്ടിച്ചിരുന്നു. ഈ കുറിപ്പിൽ ഫെഫ്ക വിശദീകരണം ചോദിച്ചിരുന്നു. തന്റെ വിവാദമായ അഭിപ്രായത്തിൽ നീരജ് താര സംഘടനയായ എഎംഎംഎക്ക് വിശദീകരണം നൽകി. താര സംഘടന വിശദീകരണം ഫെഫ്കയ്ക്ക് കൈമാറി.

തനിക്ക് ഇക്കാര്യത്തിൽ പ്രത്യേകിച്ച് ഒരു പേരും മുന്നോട്ടു വയ്ക്കാനില്ലെന്നാണ് നീരജിന്റെ വിശദീകരണം. അനുഭവത്തിന്റെ പുറത്ത് പറഞ്ഞുപോയതാണെന്നാണ് എഎംഎംഎയ്ക്കും ഫെഫ്കയ്ക്കും കൊടുത്ത മറുപടിയിലുള്ളതെന്നാണ് വിവരം. ഒരു പ്രൊഡക്ഷൻ കൺട്രോളറെയും നീരജ് മാധവ് തന്റെ കുറിപ്പിൽ വിമർശിച്ചിരുന്നു. അയാളുടെ പേര് നീരജ് വെളിപ്പെടുത്തിയിട്ടില്ല. അങ്ങനെയൊരാളെ തനിക്ക് വെളിപ്പെടുത്താനും പറയാനുമില്ലെന്നും നീരജ്. എന്നാൽ അങ്ങനെയുള്ള സംഘത്തിൽ പെട്ട വ്യക്തികളുടെ പേര് പറഞ്ഞാൽ നിലപാടെടുക്കും എന്നായിരുന്നു അണിയറ പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്ക വ്യക്തമാക്കിയിരുന്നത്.

Loading...

അതേസമയം മലയാള സിനിമയിൽ മാഫിയകൾ ഉണ്ടോയെന്ന് പരിശോധിക്കാൻ എക്സിക്യൂട്ടിവ് യൂണിയന് ഫെഫ്ക കത്ത് നൽകി. മലയാള സിനിമയിൽ ഗൂഢ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിനെ ഇല്ലായ്മ ചെയ്യണമെന്നും മാഫിയ സംഘങ്ങൾ കടന്നു കൂടിയിട്ടുണ്ടെന്നും അവരെ ചെറുക്കണമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ കത്തിൽ പറഞ്ഞു. ഷംന കാസിം വിവാദത്തിൽ മലയാള സിനിമയിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നും ഫെഫ്ക പരിശോധിക്കും. നീരജ് മാധവിന്റെ വാക്കുകൾ ഗൗരവത്തോടെ എടുക്കണമെന്നും ഒരു നടനോ, നടിക്കോ, സാങ്കേതിക പ്രവർത്തകനോ വിവേചനം നേരിടുന്ന സാഹചര്യം മലയാളസിനിമയിൽ ഉണ്ടാവരുതെന്നും കത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറയുന്നു. തൊഴിൽപരമായ സംരക്ഷണം എല്ലാവർക്കും നൽകണമെന്നാണ് കത്തിലെ ഉള്ളടക്കം. നടൻ നീരജ് മാധവിന്റെ വെളിപ്പെടുത്തലിന്റെയും ഷംന കാസിം വിവാദത്തിന്റെയും അടിസ്ഥാനത്തിലാണ് ഫെഫ്ക കത്തയച്ചത്.