സംസ്ഥാനത്ത് നീറ്റ് പരീക്ഷയെഴുതിയത് ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍,പരീക്ഷ നടത്തിയത് മൂന്നൂറിയലധികം കേന്ദ്രങ്ങളില്‍

തിരുവനന്തപുരം: ഏറ്റവും അധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന രാജ്യത്തെ അഞ്ചാമത്തെ സംസ്ഥാനമാണ് കേരളം. 340 ലധികം കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തി പതിമൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷയെഴുതി. കോവിഡിന്റെ പശ്ചാത്തലത്തില്‍ അണുവിമുക്തമാക്കിയ പരീക്ഷാഹാളില്‍ ഇരിപ്പിടം ക്രമീകരിച്ചിരുന്നതിലും സാമൂഹിക അകലം പാലിക്കപ്പെട്ടിരുന്നു. 24 കുട്ടികള്‍ പരീക്ഷ എഴുതാനുള്ള ക്ലാസ് മുറികളില്‍ ഇത്തവണ 50% പേരെ വീതമാണ് ഇരുത്തിയത്. സുതാര്യമായ വാട്ടര്‍ബോട്ടില്‍, ഹാള്‍ടിക്കറ്റ്, ഫോട്ടോ, ഐഡി കാര്‍ഡ് എന്നിവയാണ് പരീക്ഷയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് പരീക്ഷാഹാളിലേക്ക് കൊണ്ട് പോകാന്‍ അനുമതി ഉണ്ടായിരുന്നത്.

ആഭരണങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ പരീക്ഷാഹാളിന് ഉള്ളിലേക്ക് കയറ്റുന്നതിന് വിദ്യാര്‍ഥികള്‍ക്ക് വിലക്കുണ്ടായിരുന്നു. ഇതിനുപുറമേ കോവിഡിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് സാനിറ്റൈസര്‍ ഗ്ലൗസ് എന്നിവ പരീക്ഷാ ഹാളിനുള്ളില്‍ പ്രവേശിപ്പിക്കുവാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കി. രാവിലെ 11 മുതല്‍ ഒന്നര വരെയായിരുന്നു പരീക്ഷയ്ക്കുള്ള റിപ്പോര്‍ട്ടിംഗ് സമയം. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ബാച്ചുകള്‍ ആക്കി തിരിച്ചാണ് വിദ്യാര്‍ത്ഥികളെ പരീക്ഷാകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചത്. രണ്ടു മണിക്ക് ആരംഭിച്ച മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ അവസാനിച്ചത് വൈകിട്ട് 5 മണിയോടെയാണ്. പരീക്ഷക്കു ശേഷം വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങുമ്പോഴും ബാച്ചുകള്‍ ആക്കി തിരിച്ച് സാമൂഹിക അകലം ഉറപ്പുവരുത്താന്‍ അധികൃതര്‍ ശ്രദ്ധിച്ചിരുന്നു. ഏറ്റവും വലിയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതാന്‍ 16 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിയിരുന്നു.

Loading...