ഔദ്യോഗിക വാഹനത്തില്‍ സ്ഥിരമായി മദ്യപിച്ചെത്തും; ഐടി സെക്രട്ടറി സ്വപ്‌നയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകൻ: ഫ്‌ളാറ്റിൽ മദ്യസത്കാരം; സ്വപ്‌ന സുരേഷിനെതിരെ കൂടുതൽ ആരോപണങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിനെതിരെ കൂടുതൽ ആരോപണങ്ങൾ. ഐടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കര്‍ സ്വപ്‌നയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനെന്ന് അയല്‍ക്കാരുടെ വെളിപ്പെടുത്തല്‍. സ്വപ്ന നേരത്തെ താമസിച്ചിരുന്ന മുടവന്‍ മുകള്‍ ട്രാവന്‍കൂര്‍ റസിഡന്‍സിയിലെ താമസക്കാരാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഐടി സെക്രട്ടറി തന്റെ ഔദ്യോഗിക കാറിൽ വരാറുണ്ടായിരുന്നു. ഫ്‌ളാറ്റിൽ മദ്യ സത്കാരം പതിവായിരുന്നുവെന്നും അയൽവാസി പറഞ്ഞു.

മുടവൻ മുകൾ ട്രാവൻകൂർ റസിഡൻസിയിലാണ് സ്വപ്‌ന താമസിച്ചിരുന്നത്. നാല് വർഷത്തോളം സ്വപ്‌ന ഇവിടെ ഉണ്ടായിരുന്നു. അവസാനത്തെ രണ്ട് വർഷമാണ് ഐടി സെക്രട്ടറി ഇവിടെ എത്തിയത്. പുറത്തുനിന്നുള്ള പലരും എത്തിയിരുന്നു. സ്ഥിരം മദ്യപാനം ഉണ്ടായിരുന്നു. കുഴഞ്ഞ അവസ്ഥയിലാണ് പലപ്പോഴും വീട്ടിൽ വന്നു കയറുന്നത്. സെക്യൂരിറ്റി ഇവർക്കെതിരെ പരാതി പറഞ്ഞിട്ടുണ്ട്. ഒരിക്കൽ സെക്യൂരിറ്റിയെ ഇവരുടെ ഭർത്താവ് മർദിച്ച് പൊലീസ് കേസായി. അത് ഒതുക്കി തീർക്കുകയായിരുന്നുവെന്നും അയൽവാസി പറഞ്ഞു.

Loading...

ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണെന്ന വിവരം സ്പ്രിഗ്‌ളര്‍ വിവാദത്തോടെയാണ് തങ്ങള്‍ അറയുന്നതെന്നും അസോസിയേഷന്‍ ഭാരവാഹി മാധ്യമങ്ങളോട് പ്രതികരിച്ചു. കോണ്‍സുലേറ്റില്‍ ജോലിചെയ്യുമ്പോഴാണ് സ്വപ്‌ന സുരേഷ് ഇവിടെ താമസിച്ചിരുന്നതെന്നും ഒരു വര്‍ഷം മുന്‍പാണ് ഇവിടെനിന്ന് താമസം മാറിയതെന്നും ഫ്‌ളാറ്റിലെ താമസക്കാര്‍ പറയുന്നു. രാത്രി വൈകുവോളം ആളുകള്‍ വന്നുപോകുകയും രാത്രിയിൽ പാർട്ടികള്‍ നടത്തുകയും ചെയ്യുന്നത് പതിവായിരുന്നു.തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്‌സലില്‍ സ്വര്‍ണ്ണം കടത്തിലെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ജീവനക്കാരി സ്വപ്ന സുരേഷും, യു.എ.ഇ കോണ്‍സുലേറ്റ് പി.ആര്‍.ഒ സരിത്തും ഐ.ടി സെക്രട്ടറിക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തു വന്നു. നേരത്തെ യു.എ.ഇ കോണ്‍സുലേറ്റില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായിരുന്ന സ്വപ്ന നിലവില്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനായി കസ്റ്റംസ് സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊച്ചി കസ്റ്റംസിന്റെ കസ്റ്റഡിയിലാണ് പിടിയിലാണ് സരിത്ത്.