ലിജോ ജോസ് പെല്ലിശേരിയെ പൂട്ടിയിടണമെന്ന് ഡോ. നെല്‍സണ്‍ ജോസഫ്

സംവിധായകന്‍ ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്ന ജല്ലിക്കെട്ട് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമ പ്രേമികള്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി പുറത്തെത്തിയ ടീസര്‍കണ്ട് വ്യത്യസ്ത പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്. ലിജോ ജോസ് പല്ലിശേരിയെ പൂട്ടിയിടണം എന്ന തലക്കെട്ടോടെ വ്യത്യസ്ത പ്രതികരണമാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ നടത്തിയിരിക്കുന്നത്.

ഡോ. നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

Loading...

ലിജോ ജോസ് പെല്ലിശേരിയെ പൂട്ടിയിടണം :

കേരളസംസ്ഥാനത്ത് മലയാളക്കരയില്‍ മേല്‍പ്പടി ദേശത്തെ സിനിമ പ്രേമികള്‍ക്കായി സമര്‍പ്പിക്കുന്ന സങ്കടഹര്‍ജ്ജി ,

മേല്‍പ്പടി ദേശത്ത് മലയാള സിനിമയില്‍ സംവിധായകനായി പ്രവര്‍ത്തിക്കുന്ന Lijo Jose Pellissery യെന്ന നാമധേയത്തിലറിയപ്പെടുന്ന ഇയാള്‍,

നിരന്തരമായി മലയാളത്തില്‍ സിനിമകളെടുക്കുകയും കട്ട ലോക്കലെന്ന പേരില്‍ അന്താരാഷ്ട്ര നിലവാരമുള്ള സിനിമകളെടുത്ത് സാമ്പത്തികമാന്ദ്യത്തിലായ മില്ലെനിയല്‍സിനെ കാണാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നു.

മാത്രമല്ല, മലയാള സിനിമ മലയാളത്തില്‍ റിലീസ് ചെയ്യാതെ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ റിലീസ് ചെയ്യുകയും ലോക സിനിമാപ്രേമികളുടെ മുക്തകണ്ഠ പ്രശംസ നേടുകയും ചെയ്ത് മലയാള സിനിമാ പ്രേമികളെ ഇരിക്കപ്പൊറുതിയില്ലാതെയാക്കി വിഷമവൃത്തത്തിലാക്കുകയും ചെയ്തിരിക്കുന്നു.

ടിയാന്‍ മലയാളക്കരയില്‍ പടം അഴിച്ചുവിടുന്നതു വരെ ടിയാനെ പൂട്ടിയിടേണ്ടതാണ്.

ആയതിനാല്‍ സമക്ഷത്ത് സമര്‍പ്പിച്ച സങ്കടഹര്‍ജ്ജിയിന്മേല്‍ എത്രയും വേഗം തീര്‍പ്പുണ്ടാക്കണമേയെന്ന് വിനീതമായി അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു

വിധേയന്‍
ഒപ്പ്

(ട്രെയിലര്‍ ആദ്യ കമന്റിലുണ്ട്. അത് കണ്ടിട്ട് ഒന്നൂടി വായിച്ചാ ശരിക്ക് കലങ്ങും 😉 )

തോമസ് പണിക്കറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ടീസറില്‍ പ്രധാന കഥാപാത്രങ്ങളെ കാണിച്ചിട്ടില്ലെന്നത് പ്രത്യേകതയാണ്. ഗിരീഷ് ഗംഗാധരന്റേതാണ് ഛായാഗ്രഹണം.