ദുരന്തം പൂർണ്ണമായി. ഭൂകമ്പത്തിൽ കാണാതായ മലയാളി ഡോക്ടർമാർ മരിച്ചു.

കാഠ്മണ്ഡു: ശനിയാഴ്ച നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ കാണാതായ രണ്ട് മലയാളി ഡോക്ടർമാരും മരിച്ചതായി സ്ഥിതീകരിച്ചു. കണ്ണൂർ കേളകം സ്വദേശി ദീപക് തോമസ്,​ കാസർകോട് സ്വദേശി എ.എസ്. ഇർഷാദ് എന്നിവരാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ദുരന്തനിവാരണസേന കണ്ടെത്തിയ ദീപക്കിന്റെയും ഇര്‍ഷാദിന്റെയും മൃതദേഹം തിങ്കളാഴ്ചയാണ് കാഠ്മണ്ഡുവിലെ ആസ്പത്രിയിലെത്തിച്ചത്.

കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തിയ ഇരുവരുടേയും മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു. വിനോദയാത്രയ്ക്കാണ് ദീപക്കും ഇർഷാദും സുഹൃത്ത് അബിൻ സൂരിയും നേപ്പാളിലെത്തിയത്. ഗുരുതരമായി പരുക്കേറ്റ അബിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടു പോകും.

Loading...

deepak-irashad_1074x175

സുഹൃത്തുക്കളും സഹപാഠികളുമായിരുന്ന ദീപക്കും അഭിന്‍ സൂരിയും ഇര്‍ഷാദും 23-നാണ് നേപ്പാളിലേക്കു തിരിച്ചത്. ദുരന്തസമയത്ത് ടാമേല്‍ സ്ട്രീറ്റിലുള്ള ബജറ്റ് മള്‍ട്ടിപ്ലക്‌സ് ഹോട്ടലിലായിരുന്നു താമസം. ഹോട്ടലിന്റെ ആറാംനിലയില്‍ക്കിടന്നുറങ്ങിയ അഭിന്‍ സൂരിയെ രക്ഷപ്പെടുത്താന്‍ തുണയായത് ന്യൂയോര്‍ക്ക് ടൈംസിലെ ഫോട്ടോഗ്രാഫര്‍ തോമസ് നൈബോയുടെ സാന്നിധ്യമാണ്. അഭിന്‍ സൂരിയെ രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്ന ഹോട്ടലവശിഷ്ടങ്ങളില്‍നിന്നു പുറത്തെടുക്കുന്ന നൈബോയുടെ ചിത്രം പത്രത്തിന്റെ വെബ് പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു.

എന്നാല്‍, ആസമയത്ത് ഹോട്ടല്‍ ഇടനാഴിയിലായിരുന്ന ഡോ. ദീപക്കും ഇര്‍ഷാദും നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടതായും ഇരുവരും പ്രഥമശുശ്രൂഷയെടുത്തശേഷം ആസ്പത്രിയില്‍നിന്ന് ഡിസ്ചാര്‍ജായതായുമാണ് ചികിത്സിച്ച ഡോ. കണ്ണന്‍ ഇന്ത്യന്‍ എംബസിയില്‍നിന്നെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മൊഴികൊടുത്തിരുന്നത്. എന്നാല്‍, ഇവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാതായപ്പോള്‍ ദീപക്കിന്റെ ഭാര്യാസഹോദരന്‍ ലിജിന്‍ ജേക്കബ്ബും ഇര്‍ഷാദിന്റെ സഹോദരന്‍ ലിയാഖത്ത് അലിയും നേപ്പാളിലെത്തുകയായിരുന്നു. ദുബായിലായിരുന്ന ലിയാഖത്ത് അവിടെനിന്നാണ് കാഠ്മണ്ഡുവിലെത്തിയത്. ബെംഗളൂരുവഴി വിമാനത്തിലാണ് ലിജിന്‍ കാഠ്മണ്ഡുവിലെത്തിയത്. തുടർന്ന് വിവിധ ആശുപത്രികളിൽ തിരച്ചിൽ നടത്തിവരവെയാണ്‌ മൃതശരീരങ്ങൾ കണ്ടത്. വിവരം നാട്ടിലു ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ഭൂകമ്പത്തിൽ  കാഠ്മണ്ഡുവിനു സമീപം ഇവർ താമസിച്ച കെട്ടിടം തകർന്നുവീഴുകയായിരുന്നു.

Nepal doctors

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 2007-ല്‍ എം.ബി.ബി.എസ്സിനു ചേര്‍ന്നപ്പോള്‍മുതല്‍ ഉറ്റചങ്ങാതിമാരാണ് ദീപക്കും ഇര്‍ഷാദും അഭിനും. 2013-ല്‍ പഠനംകഴിഞ്ഞ് അഭിന്‍ സൂരിയും ഇര്‍ഷാദും മാനന്തവാടിയിലെ വയനാട് ജില്ലാ ആസ്പത്രിയിലാണ് ഡോക്ടര്‍മാരായി സേവനംതുടങ്ങിയത്. ദീപക് തോമസ് മാനന്തവാടി എടവക പ്രഥമികാരോഗ്യകേന്ദ്രത്തിലും.

മൂവര്‍ക്കും എം.ഡി.ക്ക് പ്രവേശനംകിട്ടിയിരുന്നു. മെയ് ഒന്നിനു ക്ലാസ് തുടങ്ങാനിരിക്കെ നേപ്പാളും കുളു മണാലിയും കാണാന്‍പോയതായിരുന്നു ഇവര്‍.

തോമസ് കളപ്പുരയ്ക്കലിന്റെയും മോളിയുടെയും മകനാണ് ദീപക് തോമസ്. കണ്ണൂര്‍ കേളകം സ്വദേശി. കാസര്‍കോട് ആനബാഗലുവില്‍ മുന്‍ കെ.എസ്.ഇ.ബി. ജീവനക്കാരന്‍ എ.എന്‍. ഷംസുദ്ദീനിന്റെയും ആസ്യയുടെയും മകനാണ് എ.എസ്. ഇര്‍ഷാദ്. ഇര്‍ഷാദിന്റെ വിവാഹനിശ്ചയം കഴിഞ്ഞതാണ്.