ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യക്കാരന്‍ വെടിയേ‌റ്റ് മരിച്ചു, ഒരാളെ കാണാനില്ല

പിലിഭിത്ത്:ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം. പൊലീസിന്റെ വെടിയേ‌റ്റ ഒരാള്‍ മരിച്ചു. സ്ഥലത്ത് നാട്ടുകാരില്‍ ചിലരും നേപ്പാള്‍ പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായതായും തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവയ്‌പ്പിലാണ് സ്ഥലവാസിയായ ഗോവിന്ദ(26) മരണമടഞ്ഞതെന്നും ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു.

ഗോവിന്ദയും സുഹൃത്തുക്കളായ പപ്പു സിംഗ്, ഗുര്‍മീത് സിംഗ് എന്നിവര്‍ നേപ്പാളിലേക്ക് പോയി. ഇവിടെ അതിര്‍ത്തിയില്‍ വച്ച്‌ നേപ്പാള്‍ പൊലീസുമായി തര്‍ക്കമുണ്ടാകുകയും ഒടുവില്‍ ഗോവിന്ദ കൊല്ലപ്പെടുകയുമായിരുന്നു. ഇവര്‍ മൂവരില്‍ ഒരാള്‍ രക്ഷപ്പെട്ട് തിരികെ ഇന്ത്യയിലെത്തി.  ഒരാളെ കാണാനില്ല. തിരികെയെത്തിയയാളെ ചോദ്യം ചെയ്‌താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നും സ്ഥലത്ത് നിയമപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും പീലിഭിത്ത് പൊലീസ് മേധാവി ജയ് പ്രകാശ് അറിയിച്ചു.

Loading...

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നികുതി വെട്ടിച്ച്‌ വസ്‌തുക്കള്‍ കടത്തുന്നത് വ്യാപകമാണ്. മരണമടഞ്ഞയാള്‍ ഇതിനായി പോയതാണോയെന്ന് വ്യക്തമല്ല. ഇന്ത്യയിലെ പെട്രോള്‍ വിലവര്‍ദ്ധനയെ തുടര്‍ന്ന് നേപ്പാളില്‍ നിന്ന് ഇന്ധനക്കടത്ത് മുന്‍പ് വ്യാപകമായിരുന്നു.