പ്രസവത്തിനിടെ നഴ്‌സ് ശക്തമായി വലിച്ചു; കുഞ്ഞ് രണ്ടായി മുറിഞ്ഞ് പകുതി ഭാഗം ഗര്‍ഭപാത്രത്തില്‍ കുടുങ്ങി

ജയ്പൂര്‍: പ്രസവത്തിനിടെ നഴ്‌സ്, കുഞ്ഞിനെ പുറത്തെടുക്കാനായി ശക്തമായി വലിച്ചതിനെ തുടര്‍ന്ന് കുഞ്ഞ് രണ്ടായി മുറിഞ്ഞ് പകുതി ഭാഗം ഗര്‍ഭപാത്രത്തില്‍ കുടുങ്ങി. രാജസ്ഥാന്‍ ജയ്സാല്‍മര്‍ ജില്ലയിലെ രാംഗഢിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണമായ സംഭവം. ആശുപത്രിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കുഞ്ഞിന്റെ അമ്മ ദീക്ഷ കന്‍വാറും പിതാവ് തിലോക് ഭാട്ടിയും രംഗത്തെത്തി.

ഗര്‍ഭപാത്രത്തില്‍ അകപ്പെട്ട കുഞ്ഞിന്റെ പകുതിഭാഗവും കൊണ്ട് യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ നിര്‍ബന്ധിച്ചുവെന്ന് ദീക്ഷ ആരോപിക്കുന്നു. ഇത്രയും ഗുരുതരമായൊരു പിഴവ് സംഭവിച്ചിട്ടും ബന്ധുക്കളെയോ ഭര്‍ത്താവ് തിലോകിനെയോ അറിയിച്ചില്ല. കൂടാതെ പുറത്തുവന്ന കുഞ്ഞിന്റെ മറുഭാഗം ഒളിപ്പിക്കാനാണ് ജീവനക്കാര്‍ ശ്രമിച്ചതെന്നും അവര്‍ ആരോപിച്ചു.

അതേ സമയം ഭാര്യ പ്രസവിച്ചുവെന്നും എന്നാല്‍ മറുപിള്ള ഗര്‍ഭപാത്രത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നുമാണ് അധികൃതര്‍ തന്നെ അറിയിച്ചതെന്ന് തിലോക് ഭാട്ടി പറയുന്നു. തുടര്‍ന്ന് ഇവരുടെ നിര്‍ദ്ദേശപ്രകാരം ദീക്ഷയെ ഉമൈദ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തു വരുന്നത്. ശേഷം ഇരുവരും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അന്വേഷണത്തില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണ് കുഞ്ഞ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇതേ തുടര്‍ന്ന് രണ്ട് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ ശരീരഭാഗം പൊലീസ് കണ്ടെത്തി.

Top