മഹാ തീരം വിട്ടപ്പോള്‍ ബുള്‍ബുള്‍ ചുഴലിക്കാറ്റ് എത്തുന്നു; കനത്ത മഴയും കാറ്റും മടങ്ങിയെത്തും

തിരുവനന്തപുരം: അറബിക്കടലിലെ ‘മഹ’ ചുഴലിക്കാറ്റിനു പിന്നാലെ, മറ്റൊരു ചുഴലിക്കാറ്റും രൂപം കൊള്ളുന്നു, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ അന്തമാന്‍ സമുദ്രത്തോടു ചേര്‍ന്നാണ് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്. ചുഴലിക്കാറ്റായി മാറുന്ന ഇതിന് ‘ബുള്‍ബുള്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. പാകിസ്ഥാനാണ് പേര് നിര്‍ദേശിച്ചത്.

ബുള്‍ബുള്‍ ചുഴലിക്കാറ്റും, മഹയെപ്പോലെ അതിതീവ്ര ചുഴലിയായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഈ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടു ബാധിക്കില്ലെന്നും വിവരമുണ്ട്. ന്യൂനമര്‍ദ്ദം ബുധനാഴ്ച ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാള്‍, ഒഡിഷ, ബംഗ്ലാദേശ് തീരത്തേക്കു നീങ്ങുമെന്നാണു കരുതുന്നത്. എട്ടാംതീയതിയോടെ കാറ്റ് അതിതീവ്രമാകും. അതേസമയം കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ശനിയാഴ്ച എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Loading...

അതിനിടെ, മഹ ചുഴലിക്കാറ്റ് വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ഗുജറാത്ത് തീരത്ത് ദിയുവിനു സമീപത്തായി വീശുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിതീവ്ര ചുഴലിക്കാറ്റായിരുന്ന മഹയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഈവര്‍ഷം ഇതുവരെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ആറ്ചുഴലിക്കാറ്റുകളാണ് ഉണ്ടായത്. ബുള്‍ബുള്‍കൂടി വരുന്നതോടെ ഏഴാവും. 2018-ല്‍ ഉണ്ടായത് ഏഴു ചുഴലിക്കാറ്റുകള്‍. കാറ്റിന്റെ എണ്ണത്തില്‍ 33 വര്‍ഷത്തെ റെക്കോഡാണ് കഴിഞ്ഞവര്‍ഷം തകര്‍ന്നത്. ഈ വര്‍ഷം അതും തകര്‍ന്നേക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്‌കൈമെറ്റ് വിലയിരുത്തുന്നു.

നേരത്തെ മഹാ വീശിയടിച്ചതിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കനത്ത നാശമാണുണ്ടായത്. വ്യോമ നാവിക ഗതാഗതങ്ങള്‍ നിര്‍ത്തി വയ്ക്കുകയും റഡ് അലര്‍ട്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കാറ്റ് കനത്ത നാശം വിതയ്ക്കാനിടയുള്ള വടക്കന്‍ ദ്വീപുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിരുന്നു. ലക്ഷദ്വീപിലേക്കുള്ള വിമാന, കപ്പല്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു കവരത്തി, അഗതി ദ്വീപുകളിലും കനത്ത മഴയാണ് മഹായെ തുടര്‍ന്ന് പെയ്തത്.

വടക്കന്‍ ദ്വീപുകളായ ബിത്ര, കില്‍ത്താന്‍ , ചെത്തിലാത്ത് എന്നിവിടങ്ങില്‍ കാറ്റ് ശക്തമായി വീശി. പലയിടങ്ങളിലും തെങ്ങുകള്‍ വ്യാപകമായി കടപുഴകി. എവിടെയും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ബിത്ര ഉള്‍പ്പെടെയുള്ള വടക്കന്‍ ദ്വീപുകളിലുള്ളവരെ ക്യാംപുകളിലേക്ക് മാറ്റിയിരുന്നു.

മണിക്കൂറുകള്‍ കഴിയുന്നതോടെ മഹാ ചുഴലിക്കാറ്റ് വീണ്ടും അതി ശക്തി പ്രാപിക്കാനാണ് സാധ്യതയെന്ന് വിലയിരുത്തലുണ്ടായിരുന്നു. 90 മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നും പിന്നീട് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് മധ്യ കിഴക്കന്‍ അറബിക്കടലിലേക്ക് മഹാ പ്രവേശിക്കുമെന്നാണ് കണക്കുകൂട്ടല്‍. കരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില സമയങ്ങളില്‍ ശക്തമായ കാറ്റും ചിലയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴക്കും സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തിരുന്നു.

നേരത്തെ മഹ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചുവരുന്ന സാഹചര്യത്തില്‍ നാവിക സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി മുന്നു കപ്പലുകള്‍ ലക്ഷദ്വീപിലേക്ക് അയച്ചിരുന്നു. ലക്ഷദ്വീപിന്റെ ആവശ്യങ്ങള്‍ക്കായി നാവിക സേന വാടകയ്ക്ക് എടുത്തിരിക്കുന്ന ട്രൈ ടണ്‍ ലിബര്‍ടി എന്ന ചരക്ക് കപ്പല്‍, നാവിക സേനയുടെ യുദ്ധകപ്പലുകളായ ഐഎന്‍സ് സുനയന,ഐഎന്‍സ് മഗര്‍ എന്നി കപ്പലുകളാണ് നാവിക സേന ലക്ഷ ദ്വീപിലേക്ക് അയച്ചത്. രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ സജ്ജീകരണവുമായാണ് കപ്പലുകള്‍ പുറപ്പെട്ടത്.