ഭൂമിക്കു സമാനമായ രൂപസാദൃശ്യമുള്ള പുതിയൊരു ഗ്രഹം കണ്ടെത്തി; ഭൂമിയിൽ നിന്ന് 150 പ്രകാശവർഷം അകലെ

ന്യൂയോർക്ക്: ഭൂമിക്കു സമാനമായ രൂപസാദൃശ്യമുള്ള മറ്റൊരു ഗ്രഹം കൂടി കണ്ടെത്തി. ഭൂമിയിൽ നിന്ന് 150 പ്രകാശവർഷം അകലെയാണ് പുതിയ ഗ്രഹം കണ്ടെത്തിയിട്ടുള്ളത്. സൂപ്പർ എർത്ത് കെ2 3ഡി എന്നാണ് ശാസ്ത്രജ്ഞർ പുതിയ ഗ്രഹത്തിനു പേരിട്ടിരിക്കുന്നത്. അന്യഗ്രഹജീവികൾ ജീവിക്കുന്ന ഗ്രഹമാണ് ഇതെന്നാണ് പ്രാഥമിക അനുമാനം. അന്യഗ്രഹ ജീവികൾക്ക് ജീവിക്കാൻ വേണ്ട എല്ലാ അവസ്ഥകളും അവിടെ ഉണ്ടെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. ഭൂമിയേക്കാൾ അൽപം കൂടി വലിയ ഗ്രഹമാണ് ഇത്. ഒരു ജീവസാന്നിധ്യത്തിനു പറ്റിയ ഘടകങ്ങൾ നല്ല തിളക്കമുള്ള നക്ഷത്രത്തോട് അടുത്തു നിൽക്കുന്ന ഈ ഗ്രഹത്തിലുണ്ട്. ദ്രവരൂപത്തിലുള്ള വെള്ളം, ഭൂമിയിലെ പോലെ ചൂടുള്ള കാലാവസ്ഥ എന്നിവ ഈ പുതിയ ഗ്രഹത്തിലും ഉണ്ട്. പുതിയ ഗ്രഹം അതിന്റെ തൊട്ടടുത്തുള്ള ചുവന്ന നക്ഷത്രത്തെ അടുത്ത തവണ ഒന്നുകൂടി മറയ്ക്കുന്നതോടെ ഗ്രഹത്തെ സംബന്ധിച്ചുള്ള എല്ലാ ദുരൂഹതകളും നീക്കപ്പെടും. അന്യഗ്രഹ ജീവികൾ ഗ്രഹത്തിൽ വസിക്കുന്നുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരുത്താൻ ശാസ്ത്രജ്ഞർക്ക് ഇതോടെ സാധ്യമാകുമെന്നാണ് കരുതുന്നത്.

നാസയുടെ കെപ്ലർ സ്‌പേസ് ടെലിസ്‌കോപ് ആണ് തൊട്ടടുത്ത നക്ഷത്രത്തെ മറികടക്കുകയായിരുന്ന പുതിയ ഗ്രഹം കണ്ടെത്തിയത്. അടുത്ത വർഷം തുടർച്ചയായി അഞ്ചു വർഷം കെ2, 3 ഡി ഗ്രഹത്തെ കെപ്ലർ ടെലിസ്‌കോപ് നിരീക്ഷിക്കുമെന്ന് നാസ അറിയിച്ചു. ഹൈഡ്രജനാൽ സമ്പന്നമായ അന്തരീക്ഷം ഗ്രഹത്തിൽ കണ്ടെത്തിയത് ശാസ്ത്രജ്ഞർക്ക് പ്രതീക്ഷ പകരുന്നുണ്ട്. മേഘങ്ങളാൽ അവരണം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇതു രണ്ടും ഗ്രഹജീവിതത്തിന്റെ സാധ്യതകൾ തുറന്നിടുന്നവയാണ്.ജലം, അന്തരീക്ഷത്തിൽ മീഥെയ്ൽ, അമോണിയ എന്നിവയുടെ സാന്നിധ്യം എന്നിവ അന്യഗ്രഹജീവികൾ അവിടെ വസിക്കുന്നുണ്ട് എന്നതിനു സാധ്യതയായി ശാസ്ത്രജ്ഞർ കരുതുന്നു. ഇതു തെളിയിക്കപ്പെട്ടാൽ കെ2-3ഡിയെ നാസയുടെ വെബ് സ്‌പേസ് ടെലിസ്‌കോപ് ഉപയോഗിച്ച് കൂടുതൽ ആഴത്തിൽ പരിശോധിക്കും.