അഞ്ചാം ക്ലാസ് വരെ ഇംഗ്ലീഷ് മീഡിയമില്ല: എംഫിൽ ഇനിയില്ല: പുതിയ വിദ്യാഭ്യാസനയത്തിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി: പുത്തൻ പരിഷ്കാരങ്ങൾ ഇങ്ങനെ

ദില്ലി: രാജ്യത്ത് പുതിയ വിദ്യാഭ്യാസനയത്തിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. എൻഡിഎയുടെ തെര‌ഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ പ്രഖ്യാപിത വാഗ്ദാനമായിരുന്നു പുതിയ വിദ്യാഭ്യാസനയം. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളെ ഒറ്റ അച്ചിൽ വാർക്കാതെ വിവിധ വിഷയങ്ങളുടെ വിദഗ്ധ പരിശീലനകേന്ദ്രങ്ങളാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ വിദ്യാഭ്യാസ നയമെന്ന് ഐടി മന്ത്രി പ്രകാശ് ജാവദേക്കറും മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്‍റിയാൽ നിശാങ്കും വ്യക്തമാക്കി. എൻഡിഎയുടെ തെര‌ഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ പ്രഖ്യാപിത വാഗ്ദാനമായിരുന്നു പുതിയ വിദ്യാഭ്യാസനയം.

കരട് വിദ്യാഭ്യാസനയം 2019-ലാണ് എൻഡിഎ സർക്കാർ പുറത്തിറക്കിയത്. പൊതുജനങ്ങളിൽ നിന്നും വിദഗ്ധരിൽ നിന്നും അഭിപ്രായങ്ങൾ തേടിയ ശേഷമേ അന്തിമരൂപം പുറത്തിറക്കൂ എന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ കരട് നയത്തിലെ, സംസ്കൃതം നിർബന്ധിതപാഠ്യവിഷയമാക്കിക്കൊണ്ടുള്ള ത്രിഭാഷാ ഫോർമുല, നാല് വർഷത്തെ ബിഎഡ് പദ്ധതി, അഞ്ചാം ക്ലാസ്സിനും എട്ടാം ക്ലാസ്സിനും പൊതുപരീക്ഷ എന്നീ നിർദേശങ്ങൾ വലിയ വിവാദമുയർത്തിയിരുന്നു. ഇതെല്ലാം പരിഗണിച്ച് ചില മാറ്റങ്ങൾ കരട് നയത്തിൽ കേന്ദ്രമന്ത്രാലയം വരുത്തിയിട്ടുണ്ട്.

Loading...

ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ ഇനി ഇംഗ്ലീഷ് മീഡിയമില്ല എന്നതാണ് പുതിയ നയത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. അഞ്ചാം ക്ലാസ്സ് വരെ ക്ലാസ്സെടുക്കുന്നത് മാതൃഭാഷയിലാകണം എന്നത് നിർബന്ധമാണ്. അഞ്ചാം ക്ലാസ്സ് വരെ ഭാഷയ്ക്കും കണക്കിനും പ്രാധാന്യം നൽകിയാകും പഠനം. സ്കൂൾ കാലഘട്ടത്തിൽത്തന്നെ വിവിധ തൊഴിലധിഷ്ഠിത പാഠ്യഭാഗങ്ങൾ സിലബസ്സിൽ ഉൾപ്പെടുത്തുകയും, വിദ്യാർത്ഥികൾക്ക് തൊഴിലിടങ്ങളിൽ ഇൻറേൺഷിപ്പുകൾ നൽകാനും പുതിയ വിദ്യാഭ്യാസനയം ലക്ഷ്യമിടുന്നു. പൊതുപരീക്ഷകളിലൂടെ വിദ്യാർത്ഥികൾക്ക് മേൽ വരുന്ന വലിയ സമ്മർദ്ദം ലഘൂകരിക്കാനുള്ള നടപടികൾ പുതിയ കരട് വിദ്യാഭ്യാസ നയത്തിലുണ്ടാകും. സാങ്കേതികവിദ്യയുമായി വിദ്യാർത്ഥികൾക്ക് കൂടുതൽ അറിവ് പകരുന്ന പാഠ്യപദ്ധതികൾ ഉറപ്പാക്കാൻ ആറാം ക്ലാസ് മുതൽ കോഡിംഗ് പോലുള്ള കോഴ്സുകൾ സ്കൂൾ സിലബസ്സിൽ ഉൾപ്പെടുത്താനുള്ള തീരുമാനവുമുണ്ട്.

‘3 മുതൽ 6 വയസ്സ് വരെയുള്ള കുട്ടികളെ ഇത് വരെ സ്കൂൾ കരിക്കുലത്തിൻറെ ഭാഗമാക്കിയിരുന്നില്ല. ഈ കാലഘട്ടം കുട്ടികളുടെ ബുദ്ധിവികാസത്തിലെ ഏറ്റവും നിർണായകമായ കാലങ്ങളിലൊന്നാണ്. ഈ കാലത്ത് കൂടുതൽ വിദ്യാഭ്യാസം കുട്ടികൾക്ക് നൽകാൻ ഈ തീരുമാനത്തിലൂടെ കഴിയും. അതായത് ഇനി മുതൽ അങ്കണവാടിയും പ്രീസ്കൂളുമടക്കം 12 വർഷമാകും കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടം”, നയത്തിൽ പറയുന്നു. പുതിയ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിതാക്കളുടെ താത്പര്യങ്ങൾക്ക് കൂടി അനുസരിച്ചുള്ള പാഠ്യപദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. 18 വയസ്സ് വരെ നിർബന്ധിതവിദ്യാഭ്യാസം ഉറപ്പാക്കും. 10 + 2 എന്ന ഇപ്പോഴത്തെ സമ്പ്രദായത്തിന് പകരം, 5 + 3 + 3 + 4 എന്നീ ഘട്ടങ്ങളാകും സ്കൂൾ വിദ്യാഭ്യാസത്തിലുണ്ടാകുക. അതായത്, മൂന്ന് വയസ്സ് മുതൽ എട്ട് വയസ്സ് വരെ ആദ്യഘട്ടം. 8 മുതൽ 11 വയസ്സ് വരെ രണ്ടാം ഘട്ടം. 11 മുതൽ 14 വരെ മൂന്നാം ഘട്ടം. 14 മുതൽ 18 വരെ നാലാം ഘട്ടം. കിൻറർഗാർട്ടൻ പഠനവും ഇനി മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.

ഈ കാലഘട്ടത്തിലെ പഠനത്തിന് വേണ്ട പാഠ്യപദ്ധതി തയ്യാറാക്കാൻ NCERT-യെ ചുമതലപ്പെടുത്തി. National Curricular and Pedagogical Framework for Early Childhood Care and Education (NCPFECCE) എന്നാകും പുതിയ പാഠ്യപദ്ധതിയുടെ പേര്. ഇത് നടപ്പിലാക്കുന്നതിൻറെ ചുമതല വിദ്യാഭ്യാസ മന്ത്രാലയത്തിനും വനിതാശിശുക്ഷേമ, ആരോഗ്യമന്ത്രാലയത്തിനും ഗോത്രകാര്യമന്ത്രാലയത്തിനുമാകും. പൊതുപരീക്ഷകൾ വിദ്യാർത്ഥികളിൽ അടിച്ചേൽപിക്കുന്ന സമ്മർദ്ദം ലഘൂകരിക്കാൻ ഇവയെ രണ്ടായി തിരിക്കും. ഒബ്ജക്ടീവ് പരീക്ഷയും ഡിസ്ക്രിപ്റ്റീവ് പരീക്ഷയും. കാണാപ്പാഠം പഠിക്കുന്ന രീതി ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ളതാകും രണ്ട് പരീക്ഷയും. പഠിച്ച പാഠഭാഗങ്ങൾ എങ്ങനെ പൊതുജീവിതത്തിൽ നടപ്പാക്കാമെന്ന തരത്തിൽ പ്രായോഗിക അറിവും ഈ പരീക്ഷകളിൽ ഒരു ഘടകമാകും. ഗ്രേഡ് 3, 5, 8 എന്നീ ക്ലാസ്സുകളിൽ ഉള്ള എല്ലാ കുട്ടികൾക്കും പൊതുപരീക്ഷയുണ്ടാകും. പത്തും പന്ത്രണ്ടും ക്ലാസുകളിലെ പൊതുപരീക്ഷകൾ തുടരും, പക്ഷേ നിലവിലുള്ള രീതി പൊളിച്ചു പണിഞ്ഞുകൊണ്ടാകും. കോളേജ് പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷയുണ്ടാകും. എന്നാൽ നിർബന്ധമല്ല. ഉന്നത വിദ്യാഭ്യാസമേഖലയിൽ മൂന്ന് വർഷ, നാല് വർഷ ബിരുദ കോഴ്സുകൾ. ഒരു വർഷമോ, രണ്ട് വർഷമോ ഉള്ള ബിരുദാനന്തര ബിരുദ കോഴ്സുകൾ. ഇഷ്ടാനുസരണം പഠനം അവസാനിപ്പിക്കാനും ഇടവേളയെടുക്കാനും അനുവാദമുണ്ടാകും. എംഎഫിൽ ഒഴിവാക്കി. യുജിസി, എെഎസിടി എന്നിവയ്ക്ക് പകരം ഏക ഏജൻസി.