മോദി സർക്കാർ പ്രസിദ്ധീകരിച്ച അവസാനവട്ട പരസ്യങ്ങൾക്ക് ചെലവായത് ശതകോടികൾ, പക്ഷേ ബില്ലടയ്ക്കേണ്ടത് അടുത്ത സർക്കാർ

നരേന്ദ്രമോദി സർക്കാർ തിരക്കിട്ട് പത്രങ്ങളിലും ടെലിവിഷൻ, ഓൺലൈൻ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച അവസാനവട്ട പരസ്യങ്ങൾക്ക് ചെലവായത് ശതകോടികളെന്ന് റിപ്പോർട്ട്. ഈ തുക നിലവിലെ സർക്കാരല്ല അടയ്ക്കേണ്ടി വരിക. അടുത്തതായി രൂപം കൊള്ളുന്ന സർക്കാരിന്റെ ചുമതലയാണ് ഈ ബില്ലുകൾ അടയ്ക്കുകയെന്നത്.വൻതോതിലുള്ള പരസ്യങ്ങളാണ് പത്രങ്ങളിലും ടെലിവിഷനുകളിലും പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. സർക്കാരിന്റെ വികസന പരിപാടികളെക്കുറിച്ചാണ് മിക്കതും പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേന്ദ്രസ്ഥാനത്ത് നിർത്തിയുള്ള ഇത്തരം പരസ്യങ്ങൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിനു മുൻപു മാത്രമേ ചെയ്യാനാകുകയുള്ളൂ. ബിജെപിയാണ് പരസ്യപ്രചാരണത്തിൽ ഏറ്റവും മുമ്പിൽ നില്‍ക്കുന്നതെന്ന് പറയേണ്ടിവരും. ആംആദ്മി പാർട്ടിയും ഈ വഴിക്ക് കോടികൾ ചെലവിടുന്നുണ്ട്.ബിജെപി സർക്കാർ ഈ ഘട്ടത്തിൽ നൽകുന്ന പരസ്യച്ചെലവുകൾ വഹിക്കേണ്ടത് അടുത്തതായി വരുന്ന സർക്കാരായിരിക്കും.

Loading...

ബിജെപി സർക്കാരിന്റെ പരസ്യയിനത്തിലുള്ള ചെലവിടൽ സംബന്ധിച്ച് വ്യക്തമായ കണക്കുകൾ പൊതുജനത്തിന് ലഭ്യമല്ല. എന്നാൽ സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി പ്രിന്റ്’ ഓൺലൈൻ വാർത്താ പോർട്ടൽ പറയുന്നത് 100 കോടി രൂപയെങ്കിലും പത്രങ്ങളിലെ പരസ്യങ്ങൾക്കു മാത്രം ഈ പുതിയ സന്ദർഭത്തിൽ ചെലവിട്ടിരിക്കാമെന്നാണ്. ടെലിവിഷൻ, റേഡിയോ ചാനലുകൾ എന്നിവയിലേക്കായി 200 കോടി രൂപയെങ്കിലും ചെലവിട്ടിരിക്കാമെന്നാണ് വിവരം.