ജയരാജന് പകരം മന്ത്രി വേണോ? പകരം മന്ത്രിയെക്കുറിച്ച് അഭ്യൂഹങ്ങൾ പെരുകുന്നു

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽപെട്ട ഇ.പി. ജയരാജന് ഒഴിയേണ്ടിവന്നതിനെത്തുടർന്ന് പകരം മന്ത്രിയെക്കുറിച്ച് അഭ്യൂഹങ്ങൾ പെരുകുന്നു. ജയരാജന് പകരം മന്ത്രി വേണോ എന്ന കാര്യത്തിൽ സി.പി.എമ്മിൽ ചർച്ച തുടങ്ങിയിട്ടില്ലെങ്കിലും പേരുകൾ പലതും പ്രചരിക്കുകയാണ്. ജയരാജൻ രാജിവച്ച ഇന്നലെ ഉച്ചമുതൽ ഇതുവരെയുള്ള സമയത്ത് പേരുകളാകട്ടെ പെരുകിക്കൊണ്ടുമിരിക്കുന്നു. എന്നാൽ, സി.പി.എം ഇക്കാര്യത്തിൽ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, കേന്ദ്ര നേതൃത്വവുമായി ആലോചിച്ചശേഷമാകും പുതിയ മന്ത്രിക്കാര്യത്തിൽ തീരുമാനമെടുക്കുക. പുതിയ മന്ത്രിയെചൊല്ലി പാർട്ടിയിലും രണ്ടഭിപ്രായം ഉയരുന്നതായി സൂചനയുണ്ട്. ജയരാജന് പകരം പുതിയ മന്ത്രിയെ ഉടൻ വേണമെന്ന് ചിലർ ആവശ്യപ്പെടുമ്പോൾ വിജിലൻസിന്റെ പ്രാഥമികാന്വേഷണം കഴിയുന്നതുവരെ കാക്കണമെന്ന അഭിപ്രായപ്പെടുന്നുവരുമുണ്ട്. രണ്ടാമത്തെ വാദക്കാർ ജയരാജനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവരാണ്. വിജിലൻസ് അന്വേഷണത്തിൽ ജയരാജനെതിരെയുള്ള പരാതിയിൽ കഴമ്പില്ലെങ്കിൽ അദ്ദേഹത്തിന് തിരിച്ചുവരവിനുള്ള അവസരം ഒരുക്കണമെന്നാണ് ആവശ്യം. എന്നാൽ, ബന്ധുനിയമന വിവാദത്തിൽ പാർട്ടി നടപടി ഇതുവരെ ചർച്ച ചെയ്തിട്ടില്ല. കേന്ദ്രകമ്മിറ്രിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ജയരാജനെതിരെ പാർട്ടി നടപടി ഉണ്ടായാൽ വിജിലൻസ് കുറ്റവിമുക്തനാക്കിയാലും അദ്ദേഹത്തിന്റെ തിരിച്ചുവരവ് പാടായിരിക്കും. ഇത്തരം നൂലാമാലകൾ ഉള്ളതിനാൽ പകരം മന്ത്രിയെ നിയോഗിക്കണമെന്ന അഭിപ്രായവും പാർട്ടിയിൽ ഉയരുന്നുണ്ട്.

അതിനൊപ്പമാണ് മന്ത്രിമാരാകാൻ സാധ്യതയുള്ളവരെ പേരുകളും പ്രചരിക്കുന്നത്. കോട്ടയത്തുനിന്ന് സുരേഷ് കുറുപ്പ്, കോഴിക്കോട് നിന്ന് വി.കെ.സി മമ്മത് കോയ, ഇടുക്കിയിൽ നിന്ന് എം.എം. മണി, എറണാകുളത്തുനിന്ന് എസ്. ശർമ്മ എന്നിവരുടെ പേരുകളാണ് സജീവമായി ഉയരുന്നത്. ഇതിൽ സുരേഷ് കുറുപ്പ്, എം.എം. മണി, എസ്. ശർമ്മ എന്നിവരുടെ പേരുകൾ മന്ത്രിസഭാ രൂപീകരണ സമയത്തും ഉയർന്നുവന്നിരുന്നു. എന്നാൽ, നേരത്തെ മന്ത്രിയായിരുന്ന ശർമ്മയ്ക്ക് അത്ര സാധ്യതയും ചിലർ കൽപ്പിക്കുന്നില്ല. സുരേഷ് കുറുപ്പിനെ സ്പീക്കറാക്കി പകരം ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കണമെന്ന അഭിപ്രായവും ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. ഇ.പി. ജയരാജന് പകരം മലബാറിന്റെ പ്രാതിനിധ്യം ഉറപ്പാക്കിയാൽ വി.കെ.സി മമ്മദ് കോയയ്ക്ക് ചാൻസുണ്ടാകുമെന്ന് കരുതുന്നവരുമുണ്ട്. ഇതുകൂടാതെ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള രാജുഎബ്രഹാമിന്റെ പേരും കാര്യമായി പ്രചരിക്കുന്നുണ്ട്. നിയമസഭാ സാമാജികനെന്ന നിലയിൽ അദ്ദേഹത്തിനുള്ള പരിചയ സമ്പത്ത് പരിഗണിക്കണമെന്നാണ് ആവശ്യം.

Loading...