‘വെയിലു’മായി സഹകരിക്കുന്നില്ല, ഷെയ്ന്‍ നിഗത്തിന് മലയാള സിനിമയില്‍ വിലക്ക് വന്നേക്കും

Shane Nigam

ഷെയ്ൻ സിനിമയുമായി സഹകരിക്കാൻ തയ്യാറാവുന്നില്ലെന്ന് കാണിച്ച് നിർമാതാവ് ജോബി ജോർജ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകി. ശരത് മേനോൻ സംവിധാനം ചെയ്യുന്ന വെയിൽ എന്ന സിനിമയുമായി സഹകരിക്കാൻ നടൻ ഷെയ്ൻ നിഗം തയ്യാറാവുന്നില്ലെന്നാണ് പരാതി.

ഷെയ്നും നിർമാതാവ് ജോബി ജോർജും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് വിവാദമായ ചിത്രമായിരുന്നു വെയിൽ. തുടർന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും നേതൃത്വം നൽകിയ ചർച്ചയിൽ ഇരുവരും തമ്മിലുള്ള തർക്കം പരിഹരിക്കുകയും വെയിലുമായി ഷെയ്ൻ സഹകരിക്കുമെന്ന ധാരണയിലെത്തുകയും ചെയ്തിരുന്നു.

Loading...

ഷെയ്നിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ടെന്നാണ് നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം. ഷെയ്നിനെ അഭിനയിപ്പിക്കില്ലെന്ന് നിർമാതാക്കൾ അമ്മയെ അറിയിച്ചു. അങ്ങനെയെങ്കിൽ ഷെയ്നിന് വിലക്ക് വരാനുള്ള സാധ്യതയാണുള്ളത്.

എന്നാൽ ഇപ്പോൾ ഷെയ്ൻ സിനിമയുമായി സഹകരിക്കാൻ തയ്യാറാവുന്നില്ലെന്ന് കാണിച്ച് നിർമാതാവ് ജോബി ജോർജ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകിയിരിക്കുകയാണ്.

ഷെയ്നിന്റെ നിസഹകരണത്തെ തുടർന്ന് വെയിൽ സിനിമയുടെ ചിത്രീകരണം നിർത്തി വച്ചിരിക്കുകയാണ്. സെറ്റിലെത്തിയ ഷെയ്ൻ ഏറെ നേരം കാരവാനിൽ വിശ്രമിക്കുകയും തുടർന്ന് ഒരു സൈക്കിളെടുത്ത് സെറ്റിൽ നിന്നും പോയെന്നും അണിയറ പ്രവർത്തകർ പറയുന്നു.

ഷെയ്നിനെ അന്വേഷിച്ച സംവിധായകൻ ശരതിന് ഷെയ്ൻ അയച്ചു നൽകിയ വോയിസ് മെസേജും പുറത്തുവന്നിട്ടുണ്ട്. ശരത് നശിപ്പിക്കുന്നത് പ്രകൃതിയെ ആണെന്നും ശരത്തിന്റെ വാശി വിജയിക്കട്ടെ എന്നും പ്രകൃതി എപ്പോഴെങ്കിലും തിരിച്ചടിക്കുമല്ലോ അപ്പോൾ അനുഭവിച്ചോളും എന്നും ഷെയ്ൻ പറയുന്ന വോയിസ് ക്ലിപ്പാണ് പുറത്തായിരിക്കുന്നത്

ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ൻ നിഗം രംഗത്തെത്തിയതാണ് വിവാദത്തിന് തുടക്കമിട്ടത്. ജോബിയുടെ വോയിസ് ക്ലിപ്പും ഷെയ്ൻ പുറത്ത് വിട്ടു.

ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ കഴിഞ്ഞ ശേഷം മറ്റൊരു ചിത്രമായ ‘കുർബാനി’ക്കുവേണ്ടി പിന്നിലെ മുടി വെട്ടിയതിനെ തുടർന്ന് വെയിലിന്റെ ഷൂട്ടിങ് മുടക്കാനാണ് ഇത് ചെയ്തതെന്ന് ആരോപിച്ചാണ് നിർമാതാവ് വധഭീഷണി മുഴക്കിയത് എന്നായിരുന്നു ഷെയ്ന്റെ ആരോപണം. തുടർന്ന് ഇൻസ്റ്റാഗ്രാം ലൈവിലൂടെയാണ് ഷെയ്ൻ ജോബിക്കെതിരേ ആരാപണവുമായി രംഗത്തെത്തിയത്.

തുടർന്ന് ജോബി കൊച്ചിയിൽ വാർത്തസമ്മേളനം നടത്തി. ഷെയ്നെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് പറഞ്ഞ ജോബി, 30 ലക്ഷം രൂപയാണ് ചിത്രത്തിനായി ഷെയ്ൻ ചോദിച്ച പ്രതിഫലമെന്നും പിന്നീട് ചിത്രീകരണം തുടങ്ങിയപ്പോൾ അത് 40 ലക്ഷമാക്കിയെന്നും പറയുന്നു. ഭീഷണിപ്പെടുത്തുകയല്ല തന്റെ അവസ്ഥ പറയുകയാണുണ്ടായത്.

സിനിമയുമായി സഹകരിക്കാതെ പോയാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നതായും ജോബി ജോർജ് മാധ്യമങ്ങളെ അറിയിച്ചു. തുടർന്നാണ് പ്രശ്നം പരിഹരിക്കാൻ നിർമാതാക്കളുടെയും താരങ്ങളുടെയും സംഘടന മുൻകൈ എടുക്കുന്നത്.

വധഭീഷണി ആരോപണത്തിൽ നടൻ ഷെയ്ൻ നിഗമും നിർമാതാവ് ജോബി ജോർജും തമ്മിലുണ്ടായിരുന്ന പ്രശ്നം ഒത്തുതീർപ്പായി. നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേയും താര സംഘടനയായ ‘അമ്മ’യുടേയും നേതൃത്വത്തിൽ എറണാകുളത്ത് നടന്ന ചർച്ചയിലാണ് പ്രശ്നം ഒത്തുതീർപ്പായത്.