ഇനി മൊബൈലിൽ വിരലമർത്തിയാൽ ജോലിക്കാർ വീട്ടുപടിക്കലെത്തും… പുത്തൻ ആപ്പുമായി തൊഴിൽവകുപ്പ്

ഇനി മൊബൈലിൽ വിരൽ അമർത്തിയാൽ ജോലിക്കാർ വീട്ടുപടിക്കലെത്തും. തൊഴിൽവകുപ്പിന്റെ പുത്തൻ ആപ്പാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

തെങ്ങുകയറ്റം, പ്ളംബിംഗ്, ഡ്രൈവിംഗ്, ഇല‌ക്‌ട്രീഷ്യൻ, ബ്യൂട്ടീഷ്യൻ, ഡേ കെയർ, ഗാർഡനർ തുടങ്ങി 24 തൊഴിൽ മേഖലകളുണ്ട് ഈ ആപ്പിൽ. തൊഴിലാളികളെ ആവശ്യമുള്ളവർക്കും തൊഴിലന്വേഷകർക്കും പ്രത്യേക ഇടമാണ് ആപ്പിൽ നൽകിയിരിക്കുന്നത്.

Loading...

തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള അക്കാഡമി ഫോർ സ്‌കിൽ എക്‌സലൻസിനാണ് യൂബർ മോഡലിലുള്ള ഈ ആപ്പിന്റെ മേൽനോട്ട ചുമതല. വ്യവസായ പരിശീലന വകുപ്പുമായും കുടുംബ ശ്രീയുമായും സഹകരിച്ചാണ് പദ്ധതി.

തൊഴിലന്വേഷകർക്ക് ഇടനിലക്കാരില്ലാതെ സ്വന്തമായി തൊഴിൽ കണ്ടെത്താം എന്നതും ആപ്പിന്റെ പ്രത്യേകതയാണ്. രക്‌ത പരിശോധന ഉൾപ്പടെ ആരോഗ്യ സംബന്ധമായ കാര്യങ്ങളും ഇതിലൂടെ ലഭിക്കും.രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സർക്കാർ സംരംഭം ഒരുങ്ങിയിരിക്കുന്നത്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നാണ് സ്‌കിൽ രജിസ്ട്രി മൊബൈൽ ആപ്പിന്റെ ഡൗൺലോഡിംഗ് പ്രക്രിയ ആരംഭിക്കുന്നത്. അടിസ്ഥാന വിവരങ്ങളും മൊബൈൽ നമ്പറും നൽകി വൺടൈം പാസ് വേർഡും കൊടുത്താൽ ആപ്പിലേക്ക് ലോഗിൻ ചെയ്യാം.

തൊഴിലന്വേഷകർക്കും തൊഴിലാളികളെ ആവശ്യമുളളവർക്കും വെവ്വേറെയാണ് രജിസ്ട്രേഷൻ.തൊഴിലന്വേഷകർ ആപ്പ് രജിസ്ട്രേഷനായി സേവനത്തിന് വേണ്ട ഫീസ് വിവരം, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി, തിരിച്ചറിയൽ കാർഡ് എന്നിവ അപ്‌ലോഡ് ചെയ്യണം.

തൊഴിലാളികൾ സേവനത്തിന് ഈടാക്കുന്ന ഫീസും മുൻപരിചയവും നോക്കി ഉപഭോക്‌താക്കൾക്ക് ആവശ്യക്കാരെ തിരഞ്ഞെടുക്കാം. സേവന മികവ് കണക്കിലെടുത്ത് തൊഴിലാളിക്ക് റേറ്റിംഗ് നൽകാനുള്ള സംവിധാനവും ആപ്പിലുണ്ട്. കൂടുതൽ റേറ്റിംഗ് ലഭിക്കുന്നവർക്ക് കൂടുതൽ അവസരങ്ങൾ ആപ്പ് വഴി ലഭിക്കും.