അയോധ്യയിലെ പുതിയ പള്ളിയ്ക്ക് അബ്ദുള്‍ കലാമിന്റെ പേരിടണമെന്ന് വി.എച്ച്.പി; ബാബറിന്റെ പേര് വേണ്ട

ന്യൂഡല്‍ഹി : സുപ്രീംകോടതി വിധിപ്രകാരം അയോധ്യയില്‍ അനുവദിക്കുന്ന അഞ്ചേക്കര്‍ ഭൂമിയില്‍ പണിയുന്ന പള്ളിയ്ക്ക് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പേരിടമെന്ന് വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര സര്‍ക്കാരിരോട് ആവശ്യപ്പെട്ടു.
ബാബറിന്റെ പേരിടാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപി പ്രസിഡന്റും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായോടാണ് വി.എച്ച്.പി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടി നിരവധി സംഭാവനകള്‍ നല്‍കിയ ഒരുപാട് മുസ്ലീംകളുണ്ട്. വീര്‍ അബ്ദുള്‍ ഹമീദ്, അഫ്ഫാഖുള്ള ഖാന്‍, മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം എന്നിവരൊക്കെ അതിന് ഉദാഹരണങ്ങളാണ്.

Loading...

വിദേശിയായ ബാബര്‍ ഇന്ത്യയില്‍ ആക്രമണം നടത്തിയാണ് സാമ്രാജ്യം സ്ഥാപിച്ചത്. ഇത്തരത്തില്‍ ഒരു ആക്രമണകാരിയുടെ പേര് പുതിയ പള്ളിക്ക് ഇടുന്നത് അനുവദനീയമല്ലെന്നും വി.എച്ച്.പി ചൂണ്ടിക്കാട്ടി.

അതേസമയം, പള്ളിയുടെ പേര് ഇപ്പോള്‍ ചര്‍ച്ചാവിഷയമല്ലെന്നാണ് കേസിലെ പരാതിക്കാരില്‍ ഒരാളായ ഇഖ്ബാല്‍ അന്‍സാരി അഭിപ്രായപ്പെട്ടത്. ഏതെങ്കിലും ഭരണാധികാരിയെയോ അദ്ദേഹത്തിന്റെ ജനകീയതയെയോ ആശ്രയിച്ചല്ല മസ്ജിദ് നിലകൊള്ളുന്നത്. സ്ഥലം സീകരിക്കണമോ വേണ്ടയോ എന്നതാണ് സമവായം ഉണ്ടാക്കേണ്ട ആദ്യവിഷയമെന്നും ഇഖ്ബാല്‍ അന്‍സാരി കൂട്ടിച്ചേര്‍ത്തു.

മസ്ജിദിനു പുറത്തുള്ള രാം ഛബൂത്രയില്‍ ക്ഷേത്രനിര്‍മാണത്തിന് അനുമതി തേടി 1885-ല്‍ ഫൈസാബാദ് സബ് കോടതിയിലെത്തിയ ഹര്‍ജിയാണ് അയോധ്യാഭൂമിയെച്ചൊല്ലി നിയമ പോരാട്ടത്തിനു തുടക്കമിട്ടത്. ഈ ഹര്‍ജി കോടതി നിരസിച്ചു.

പില്‍ക്കാലത്ത് വിവിധ കോടതികളിലെത്തിയ ഹര്‍ജികളെല്ലാം ഒന്നിച്ചു പരിഗണിച്ചായിരുന്നു മൂന്നു കക്ഷികള്‍ക്കും ഭൂമി തുല്യമായി വിഭജിച്ചുനല്‍കാന്‍ 2010 ല്‍ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ആരും തര്‍ക്കഭൂമി പങ്കിടുന്നതിനെ അനുകൂലിച്ചില്ല.

അന്തിമ വാദത്തിനു സമാന്തരമായി മുന്‍ ജഡ്ജി എഫ്.എം.ഐ. കലീഫുള്ളയുടെ നേതൃത്വത്തില്‍ മധ്യസ്ഥശ്രമത്തിനും സുപ്രീം കോടതി ശ്രമിച്ചിരുന്നു. എന്നാല്‍ പല ഹിന്ദു സംഘടനകളും ഒത്തുതീര്‍പ്പിനു സന്നദ്ധരായില്ല. തര്‍ക്കഭൂമിയുടെ അവകാശം ഉപേക്ഷിക്കാമെന്നു സമിതിക്കു മുന്നില്‍ സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചെങ്കിലും അതു നേരിട്ടു കോടതിമുറിയില്‍ ഉന്നയിക്കപ്പെട്ടില്ല. വിവിധ മുസ്ലിം സംഘടനകള്‍ ഈ ഒത്തുതീര്‍പ്പിനോടു വിയോജിക്കുകയും ചെയ്തു.

ശ്രീരാമന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന 2.77 ഏക്കര്‍ ഭൂമിയാണു തര്‍ക്കത്തിന്റെ കേന്ദ്രബിന്ദു. ഇതു ക്ഷേത്രകാര്യങ്ങള്‍ നടത്താന്‍ അവകാശമുള്ള നിര്‍മോഹി അഖാര, ശ്രീരാമപ്രതിഷ്ഠയെ പ്രതിനിധീകരിക്കുന്ന രാംലല്ലാ വിരാജ്മാന്‍, ബാബ്‌റി മസ്ജിറിന്റെ ചുമതലക്കാരായിരുന്ന ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് എന്നിവര്‍ക്കു തുല്യമായി പങ്കിടാന്‍ 2010 ല്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ എതിര്‍ത്തുകൊണ്ടുള്ള ഹര്‍ജിയിലാണ് അന്തിമ തീരുമാനം വന്നത്.

ഇക്കാര്യത്തില്‍ 14 ഹര്‍ജികളാണു സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. 40 ദിവസത്തോളം നീണ്ട മാരത്തോണ്‍ വിചാരണയ്ക്ക് ശേഷമാണ് വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതി വിധിയുടെ മുന്നോടിയായി രാജ്യത്തുടനീളവും ഉത്തര്‍പ്രദേശിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ജസ്റ്റീസുമാരായ എസ്എ ബോബ്‌ഡേ, ഡി വൈ ചന്ദ്രാചുഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നാസര്‍ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കോടതിക്ക് ഇന്ന് അവധി ദിവസമാണെങ്കിലും ചീഫ് ജസ്റ്റീസ് ഭരണഘടനാ ബഞ്ചിന്റെ പ്രത്യേകം യോഗം ചേര്‍ന്നാണു വിധി പറഞ്ഞത്.