തിരുവനന്തപുരം:വിദേശങ്ങളില്‍ ജോലിതേടിപ്പോകുന്ന മലയാളി നഴ്സുമാര്‍ക്ക് ആശ്വാസിക്കാം. ഇനി ലക്ഷങ്ങള്‍ ഏജെന്‍സികള്‍ക്ക് നല്‍കേണ്ടതില്ല, കൂടാതെ കൂടുതല്‍ തൊഴില്‍ സുരക്ഷിതത്വവും അവര്‍ക്ക് അനുഭിക്കാനാകും. വിദേശത്തേക്കുള്ള നഴ്‌സസ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കിയതോടെ കേരളത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പുതിയ പ്രതീക്ഷ കൈവരുന്നത്. റിക്രൂട്ട്‌മെന്റിനായി ചുമതലപ്പെടുത്തിയ നോര്‍ക്കയും ഒഡേപെകും കേരള സര്‍ക്കാരിന്റെ സ്‌ഥാപനങ്ങളെന്നതാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസമാകുന്നത്.
ഇന്ത്യയില്‍ നിന്ന് വിദേശത്ത് തൊഴില്‍ തേടിപ്പോകുന്ന നഴ്‌സുമാരില്‍ തൊണ്ണൂറുശതമാനവും മലയാളികളാണെന്നാണ് കണക്കുകള്‍. ലിബിയ, ഇറാന്‍ എന്നിവിടങ്ങളില്‍ തൊഴില്‍ നഷ്‌ടപ്പെട്ടവരില്‍ എണ്ണൂറുപേരും മലയാളി നഴ്‌സുമാരായിരുന്നു. ഈ മേഖലയിലെ തൊഴില്‍ ചൂഷണം തടയാന്‍ വ്യാപകമായ ചെറുത്തുനില്‍പ്പ് നോര്‍ക്ക നടത്തിയിരുന്നെങ്കിലും അനധികൃത റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ വെല്ലുവിളി തടയാനായിരുന്നില്ല. ഇതിനുള്ള പരിഹാരമാണ് കേന്ദ്രനിയമം വഴി സാധ്യമാകുന്നത്. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ സര്‍ക്കാര്‍ നഴ്‌സുമാരുടെ വിദേശ റിക്രൂട്ട്‌മെന്റ്‌ിന് ഫിലിപ്പൈന്‍സ് പാലിക്കുന്ന സുതാര്യത ഇന്ത്യക്കും സാധ്യമാക്കാനാകും.
റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാകുമ്പോള്‍ എമിഗ്രേഷന്‍ ചട്ടപ്രകാരമുള്ള ഇരുപതിനായിരം രൂപയുടെ സര്‍വീസ് ചാര്‍ജുമാത്രമെ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കേണ്ടതായി വരൂ. കൂടാതെ നോര്‍ക്കയില്‍ റജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്ന ഉദ്യോഗാര്‍ഥികളുടെ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ മാനദണ്ഡങ്ങള്‍ അനുസരിച്ചാകും റിക്രൂട്ട്‌മെന്റ്. ഇതില്‍ സര്‍ക്കാര്‍ പൂര്‍ണമായ സുതാര്യത ഉറപ്പുവരുത്തുന്നതിലൂടെ സ്വകാര്യ എജന്‍സികളുടെ ചൂഷണം തടയാനുമാകും.
നോര്‍ക്കയില്‍ യോഗ്യരായ ആയിരത്തിലധികം നഴ്‌സുമാരുടെ ലിസ്‌റ്റ് നിലവിലുണ്ട്. വിദേശത്തുനിന്നുള്ള തൊഴിലവസരങ്ങള്‍ വരുന്ന മുറക്ക് ഈ ലിസ്‌റ്റില്‍ നിന്നുള്ളവര്‍ക്കായിരിക്കും ഇനി അവസരം ലഭിക്കുക.
കേന്ദ്ര തീരുമാനം നടപ്പിലാകുന്നതോടെ നഴ്‌സുമാരെ ആവശ്യമുള്ള വിദേശരാജ്യങ്ങളിലെ സംരംഭകര്‍ ഇ-മൈഗ്രേറ്റ് സിസ്‌റ്റത്തില്‍ രജിസ്‌റ്റര്‍ ചെയ്യണം. ഇതില്‍ ആവശ്യമായ യോഗ്യത, പ്രവൃത്തിപരിചയം, നല്‍കുന്ന ശമ്പളം, താമസ സൗകര്യം, എത്ര തൊഴിലവസരങ്ങള്‍ എന്നിവ രേഖപ്പെടുത്തിരിക്കും. ഇതു പരിശോധിച്ച് കേന്ദ്രസര്‍ക്കാരാണ് നോര്‍ക്കയിലേക്ക് റഫര്‍ ചെയ്യുക. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കത്തിനു പിന്നില്‍ നോര്‍ക്കയുടെ ഇടപെടലാണ്.
2013-ല്‍ കൊച്ചിയില്‍ നടന്ന പ്രവാസി ഭാരതീയ സമ്മേളനത്തില്‍ കുവൈത്ത് അംബാസിഡന്‍ ഇന്ത്യന്‍ നഴ്‌സുമാരുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക ഉന്നയിച്ചയിച്ചതുമുതലാണ് സര്‍ക്കാര്‍ വിഷയം ഗൗരവമായി പരിഗണിച്ചത്. ലിബിയ, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്ന് തൊഴില്‍ നഷ്‌ടപ്പെട്ട് കൂട്ടത്തോടെ മലയാളി നഴ്‌സുമാര്‍ നാട്ടിലേക്ക് മടങ്ങിയെത്തിയതോടെ പ്രശ്‌നം വീണ്ടും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനക്കെത്തി. അനധികൃത ഏജന്‍സി കുവൈത്തിലേക്കു വിട്ട അഞ്ഞൂറിലധികം നഴ്‌സുമാര്‍ തൊഴില്‍ ചൂഷണത്തിന് വിധേയമായതും സംസ്‌ഥാനസര്‍ക്കാര്‍ കേന്ദ്രത്തിനെ ബോധ്യപ്പെടുത്തിയിരുന്നു.