അത്യാധുനിക സൗകര്യങ്ങളോടെ പൂതിയ പാര്‍ലമെന്റ്; കെട്ടിടത്തില്‍ മൂന്ന് വലിയ തുരങ്കങ്ങളും

ന്യൂഡല്‍ഹി : ഇന്ത്യയില്‍ വരാന്‍ പോകുന്ന ഏറ്റവും വലിയ പാര്‍ലമെന്റില്‍ ഒരുങ്ങാന്‍ പോകുന്നത് മൂന്ന് ഭൂഗര്‍ഭ തുരങ്കങ്ങളാണ്. അത്യാധുനിക സൗകര്യങ്ങളാണ് പാര്‍ലമെന്റില്‍ ഒരുങ്ങുന്നത്. ഈ മൂന്ന് തുരങ്കങ്ങളും പ്രധാനമായും ബന്ധിപ്പിച്ചിരിക്കുന്നത് പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും ഔദ്യോഗിക വസതിയുമായിട്ടാണ്. ഒപ്പം തന്നെ എം.പിമാരുടെ ചേംബറുമായും ഈ തുരങ്കകള്‍ ബന്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ നിര്‍മാണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വി.വി.ഐ.പി സുരക്ഷാ പ്രോട്ടോക്കോള്‍ കുറച്ച് കൂടി എളുപ്പത്തിലാക്കാന്‍ കൂടിയാണ് പാത ഒരുങ്ങുന്നത്. ജനങ്ങളുടെ സാന്നിധ്യമില്ലാതെ ഇവര്‍ക്ക് എളുപ്പത്തില്‍ വസതികളില്‍ എത്താം.എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാലും എളുപ്പത്തില്‍ ഇവരെ പാര്‍ലമെന്റ് കെട്ടിടത്തില്‍ നിന്ന് മാറ്റാം.

സെന്‍ട്രല്‍ വിസ്റ്റ പദ്ധതി പ്രകാരം പുതിയൊരു ഭവനവും പ്രധാനമന്ത്രിയുടെ ഓഫീസും നിര്‍മിക്കും. സൗത്ത് ബ്ലോക്ക് ഭാഗത്താണ് ഇത് ഒരുങ്ങുന്നത്. ഉപരാഷ്ട്രപതിക്കും പുതിയ വീടൊരുങ്ങുന്നുണ്ട്. നോര്‍ത്ത് ബ്ലോക്ക് ഭാഗത്താണ് അദ്ദേഹത്തിന്റെ വസതി. എല്ലാ എം.പിമാര്‍ക്കും പുതിയ പാര്‍ലമെന്റ് കെട്ടിടത്തില്‍ ഓഫീസുണ്ടാവും.ഓരോ എം.പിമാരുടെ ഓഫീസിലും ഏറ്റവും പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ലഭ്യമാകും. കടലാസ് രഹിത ഓഫീസാണ് സര്‍ക്കാര്‍ സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പാര്‍ലമെന്റിന് തൊട്ടടുത്ത് തന്നെയായിരിക്കും ഈ എം.പിമാരുടെ ഓഫീസ്. അതേസമയം രാഷ്ട്രപതിഭവനുമായി ബന്ധിപ്പിക്കുന്ന തുരങ്കങ്ങള്‍ നിര്‍മിക്കുന്നില്ല. കാരണം രാഷ്ട്രപതി ഇടയ്ക്കിടെ പാര്‍ലമെന്റില്‍ വരണമെന്നില്ല. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം കാണിക്കാന്‍ വലിയ ഭരണഘടനാ ഹാളും ഇതോടൊപ്പം നിര്‍മിക്കുന്നുണ്ട്. പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി സ്വീകരണമുറി, ലൈബ്രറി, ഭക്ഷണം കഴിക്കാനുള്ള ഇടങ്ങള്‍, പാര്‍ക്കിംഗ് സ്‌പേസ്, എന്നിവയുണ്ടാവും.

Loading...