ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ പിടികൂടിയത് ജീവനോടെ; ക്രൂരമായി കൊലപ്പെടുത്തിയത് മാധ്യമപ്രവര്‍ത്തകനാണെന്ന് ഉറപ്പു വരുത്തിയതിന് ശേഷം; റിപ്പോര്‍ട്ട് പുറത്ത്

ഇന്ത്യന്‍ ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ തീവ്രവാദികള്‍ ജീവനോടെ പിടികൂടി വധിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ എക്സാമിനറാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുള്ള വെടിവയ്പിലല്ല ഡാനിഷ് കൊല്ലപ്പെട്ടതെന്നും അദ്ദേഹത്തെ ജീവനോടെ പിടികൂടിയതിനു ശേഷം പിന്നീട് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുമെന്നുമാണ് റിപ്പോര്‍ട്ട്.

ഡാനിഷിന്റെ രേഖകള്‍ പരിശോധിച്ച് മാധ്യമപ്രവര്‍ത്തകനാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വധിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡാനിഷിനെ രക്ഷിക്കുന്നതിനിടെ കമാന്‍ഡറും മറ്റ് സൈനിക അംഗങ്ങളും കൊല്ലപ്പെട്ടു. ഡാനിഷിന്റെ മരണം അബദ്ധത്തില്‍ സംഭവിച്ചതെന്നായിരുന്നു താലിബാന്റെ വിശദീകരണം. എന്നാല്‍ സിദ്ദിഖിയുടെ മരണത്തില്‍ താലിബാന്റെ ഖേദപ്രകടനം വെറും നാടകമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Loading...

അഫ്ഗാന്‍ സൈന്യവും താലിബാന്‍ തീവ്രവാദികളും തമ്മിലുള്ള ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി സ്പിന്‍ ബോല്‍ഡാക്ക് മേഖലയിലേക്ക് പോയതായിരുന്നു ഡാനിഷ് സിദ്ദിഖി. കസ്റ്റംസ് പോസ്റ്റിന് സമീപത്തുവച്ച് അപ്രതീക്ഷിതമായി താലിബാന്‍ ആക്രമണം ഉണ്ടാകുകയും ഡാനിഷ് ഉള്‍പ്പെട്ടിരുന്ന സൈന്യം രണ്ട് ടീമായി ചിതറി ഓടുകയും ചെയ്തു. കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ളവര്‍ ഡാനിഷില്‍ നിന്ന് വേര്‍പെട്ടു. ഇതിനിടെ ഡാനിഷ് സിദ്ദിഖിക്ക് ബോംബ് ചീളുകള്‍ കൊണ്ട് പരുക്കേറ്റു. തുടര്‍ന്ന് ഡാനിഷും സംഘവും സമീപത്തുണ്ടായിരുന്ന മുസ്ലിം പള്ളിയില്‍ അഭയം തേടി. ഡാനിഷിന് സൈന്യം പ്രാഥമിക ശുശ്രൂഷ നല്‍കി. പിന്നീട് താലിബാന്റെ ഭാഗത്തുനിന്ന് വീണ്ടും ആക്രമണം ഉണ്ടാകുകയും ഡാനിഷിനെ ജീവനോടെ പിടികൂടുകയും ചെയ്യുകയായിരുന്നു.

റോയിട്ടേഴ്സിലെ സീനിയര്‍ ഫോട്ടോ ജേണലിസ്റ്റായിരുന്നു ഡാനിഷ് സിദ്ദിഖി പുലിസ്റ്റര്‍ പ്രൈസ് ജേതാവാണ്. 2018 ല്‍ റോഹിങ്ക്യന്‍ ദുരിതം ലോകത്തെ അറിയിച്ച ചിത്രങ്ങള്‍ക്കാണ് ഡാനിഷിന് പുലിസ്റ്റര്‍ പുരസ്‌കാരം ലഭിച്ചത്.