കൊവിഡിന് പുറമെ ചൈനയില്‍ മറ്റൊരു വൈറസ് കൂടി;ചെള്ള് പരത്തുന്ന രോഗം ബാധിച്ച് 7 പേര്‍ മരിച്ചു

ചൈനയിലെ വുഹാനില്‍ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസില്‍ പകച്ചു നില്‍ക്കുകയാണ് രാജ്യങ്ങള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ വരെ അതിന്റെ പിടിയിലമര്‍ന്നിരിക്കുകയാണ്. ഈ വൈറസിനെ പിടിച്ചുകെട്ടാന്‍ രാജ്യങ്ങള്‍ ഒന്നടങ്കം പരിശ്രമിച്ചുകൊണ്ടിരിക്കെയാണ് ചൈനയില്‍ നിന്ന് മറ്റൊരു വൈറസ് കൂടി ഉത്ഭവിച്ചിരിക്കുന്നത്. ചെള്ള പരത്തുന്ന രോഗമാണ് ഇപ്പോള്‍ ചൈനയില്‍ ഉടലെടുത്തിരിക്കുന്നത്. ഒരു തരം ചെള്ള് കടിക്കുന്നതുമൂലം ഉണ്ടാകുന്ന വൈറസ് ചൈനയില്‍ വ്യാപിക്കുന്നതായാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം തന്നെ ഇതുവരെ ഈ വൈറസ് ബാധ മൂലം ഏഴ് പേര്‍ മരിക്കുകയും അറുപതിലധികം പേര്‍ രോഗബാധിതരാവുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒപ്പം തന്നെ കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ മുപ്പത്തിയേഴിലധികം പേര്‍ക്ക് ജൂണില്‍ എസ്എഫ്ടിഎസ് വൈറസ് ബാധിച്ചതായും പിന്നീട് അന്‍ഹൂയി പ്രവിശ്യയിലെ 23 പേര്‍ കൂടി രോഗബാധിതരായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജിയാങ്സുവിന്റെ തലസ്ഥാനമായ നാന്‍ജിങ്ങിലെ ഒരു സ്ത്രീക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.

Loading...

ഇത്തരത്തില്‍ രോഗബാധിതരാകുന്നവരുടെ പ്രധാന രോഗലക്ഷണങ്ങള്‍ പനിയും ചുമയും ആയിരുന്നു. പരിശോധനയില്‍ ഇവരുടെ രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെയും ല്യൂക്കോസൈറ്റിന്റെയും എണ്ണം കുറയുന്നതായും ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ഇവര്‍ ആശുപത്രി വിട്ടെങ്കിലും പിന്നീട് ഏഴുപേരുടെ മരണത്തിന് ഈ വൈറസ് കാരണമാവുകയായിരുന്നു. ചെള്ളില്‍ നിന്നു മനുഷ്യനിലേക്ക് പകര്‍ന്നിരിക്കാനിടയുള്ള ഈ വൈറസ്, മനുഷ്യനില്‍ നിന്നു മനുഷ്യനിലേക്കും പകരാമെന്നും വൈറോളജിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചെള്ളിന്റെ കടിയേല്‍ക്കുന്നതാണ് രോഗം പകരാനുള്ള പ്രധാന കാരണമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.