കൊവിഡിന് പിന്നാലെ വീണ്ടും വൈറസ്; എബോളയ്ക്ക് സമാനമെന്ന് കണ്ടെത്തല്‍

വാഷിങ്ടണ്‍ : ലോകത്തെ പിടിച്ചുകുലുക്കിയ കൊവിഡില്‍ നിന്നും ഇതുവരെ നമ്മള്‍ മുക്തി നേടിയിട്ടില്ല. ഇപ്പോഴും ലോകം പൊരുതിക്കൊണ്ടിരിക്കുകയാണ് അപ്പോഴാണ് തൊട്ടുപിന്നാലെ ഭീഷണിയുമായി മറ്റൊരു വൈറസിന്റെ കൂടി വരവ്. ചപാരെ എന്നറിയപ്പെടുന്നതാണ് പുതിയ വൈറസ്. എബോളയ്ക്ക് സമാനമായി ചപാരെ എന്നറിയപ്പെടുന്ന പുതിയ വൈറസും മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഈ വൈറസ് ശരീര ദ്രവങ്ങളിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നും കണ്ടെത്തിയിട്ടുണ്ട്. പുതിയ വൈറസ് ബാധ സംബന്ധിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ തിങ്കളാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്.ചപാരെ വൈറസ് ബാധയെ തുടര്‍ന്നുണ്ടാകുന്ന അപൂര്‍വ ഗുരുതര രോഗം- ചപാരെ ഹെമറേജിക് ഫീവര്‍ ആദ്യമായി തിരിച്ചറിഞ്ഞത് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബൊളീവിയയിലാണ്. 2004ല്‍ ബൊളീവിയയിലാണ് ഈ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാനമായ ലാപാസിന്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന ചപാരെയിലാണ് ചെറിയതോതിലുള്ള വൈറസ് വ്യാപനം കണ്ടെത്തിയത്.

Loading...

വൈറസിന്റെ ഉറവിടം എലികളാണെന്നാണ് സംശയിക്കുന്നത്. പിന്നീട് ഇവ മനുഷ്യരിലേക്ക് എത്തിയതാവാമെന്നാണ് കരുതപ്പെടുന്നത്. രോഗത്തിന് പ്രത്യേകിച്ച് മരുന്ന് ഇല്ലാത്തതിനാല്‍ ആരോഗ്യനില വഷളാകാതിരിക്കാന്‍ മറ്റു മരുന്നുകള്‍ നല്‍കുക മാത്രമേ വഴിയുള്ളൂ. കോവിഡിന് സമാനമായ രോഗ ലക്ഷണങ്ങള്‍ തന്നെയാണ് ഈ വൈറസിനും. പനി, വയറു വേദന, ത്വക്ക് രോഗം, ഛര്‍ദ്ദി, എന്നിവയാണ് ലക്ഷണങ്ങള്‍.