ചൈനയുടെ ഭരണകൂട ഭീകരതക്കെതിരെ സംയുക്തപ്രസ്താവനയുമായി ഓസ്‌ട്രേലിയയും ന്യൂസിലാന്റും; വെല്ലുവിളിച്ചു ചൈന

ഹോങ്കോംഗിനോടും ഉയിഗുറുകളോടും കാണിക്കുന്ന മനുഷ്യാവകാശ അടിച്ചമർത്തലുകളുമായി ബന്ധപ്പെട്ട് ചൈനക്കെതിരെ സംയുക്തപ്രസ്താവനയുമായി ഓസ്‌ട്രേലിയയും ന്യൂസിലാന്റും. ഹോങ്കോംഗിനെ മരവിപ്പിച്ച് നിർത്തിയിരിക്കുന്ന ദേശീയ സുരക്ഷാ നിയമത്തേയും ഉയിഗുറുകളെ പൊതുസമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തിയ നടപടിയും ആഗോള സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ഇരു രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാർ ആരോപിച്ചു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസണും ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആർഡേണാണ് സംയുക്തപ്രസ്താവന നടത്തിയത്.

സിൻജിയാംഗ് മേഖലയിലെ തടങ്കൽ പാളയവുമായി ബന്ധപ്പെട്ട ക്രൂരതകൾ ചൈനക്കെതിരെ ഉയരുകയാണ്. മറ്റ് രാജ്യങ്ങൾക്കൊപ്പം യൂറോപ്യൻ രാജ്യങ്ങളും ആശങ്കയിലാണെന്നും യൂറോപ്യൻ ഭരണകർത്താക്കൾ പറഞ്ഞു. ഹോങ്കോംഗിലും സിൻജിയാംഗിലും നടക്കുന്ന മനുഷ്യാവകാശ ലംഘനം വ്യക്തമാണ്. ലോകരാഷ്ട്രങ്ങളുടെ പ്രതിനിധികൾക്കും മനുഷ്യാവകാശ സംഘനടകൾക്കും രണ്ടു മേഖലയിലും പരിശോധന നടത്താൻ ചൈന അനുവദിക്കുന്നില്ല. മനുഷ്യർ മരിച്ചുവീണിട്ടും ബീജിംഗ് കാണുന്നില്ല. ഒട്ടും സുതാര്യമല്ലാത്ത നടപടി ചൈനയുടെ ഭരണകൂട ഭീകരത വ്യക്തമാക്കുന്നതാണ്. സ്‌കോട് മോറിസണും ജസീന്ദ ആർഡേണും സംയുക്തസമ്മേളനത്തിൽ പറഞ്ഞു.

Loading...

അതേസമയം ഇരുരാജ്യങ്ങളുടെയും സംയുക്തപ്രസ്താവനയ്‌ക്കെതിരെ ചൈന ഇന്നലെ തന്നെ രംഗത്തെത്തി. തികച്ചും നിരുത്തരവാദപരവും ചൈനയുടെ അഖണ്ഡതയ്‌ക്കെതിരെയുമുള്ള നടപടിയാണെന്നും ചൈന ആരോപിച്ചു. വിദേശരാജ്യങ്ങളുടെ നയത്തെ ശക്തമായി നേരിടുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യീ പരസ്യമായി വെല്ലുവിളിച്ചു. ചൈനയുടെ ആഭ്യന്തര വിഷയങ്ങളിലെ ഇടപെടൽ എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടേയും ലംഘനമാണെന്നും ബീജിംഗ് വൃത്തങ്ങൾ അറിയിച്ചു. ഓസ്ട്രേലിയക്കെതിരെ വാണിജ്യപ്രതിരോധ നടപടികളെടുക്കുമെന്ന ചൈനയുടെ മുന്നറിയിപ്പ് വന്ന് രണ്ടാഴ്ചയ്ക്കകമാണ് സംയുക്തപ്രസ്താവന നടന്നിരിക്കുന്നത്.