നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ടനിലയിൽ കണ്ടെത്തി

ലക്നൗ: നവജാത ശിശുക്കളോടുള്ള ക്രൂരത ഇന്നും അരങ്ങേറുന്നു. നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. യുപിയിലെ സിദ്ധാർഥ്നഗർ ജില്ലയിൽ സൊനൗറ ഗ്രാമത്തിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കുറ്റിക്കാട്ടിൽനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെയാണ് പ്രദേശവാസികൾ തിരച്ചിൽ നടത്തിയത്. ഗ്രാമത്തിൽ വീടു നിർമാണത്തിനെത്തിയ ആൾക്കാരാണ് കു‍ഞ്ഞിന്റെ കരച്ചിൽ ആദ്യമായി കേൾക്കുന്നത്. തുടർന്നു നാട്ടുകാരെ വിവരമറിയിച്ചു തിരച്ചിൽ നടത്തുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ നാട്ടുകാർ നടത്തിയ തിരച്ചിലില്‍ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ ആൺകുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
ഒരു കാല് മണ്ണിനു പുറത്തേക്കു പൊന്തി നിൽപ്പുണ്ടായിരുന്നു. ഉടൻതന്നെ കുഞ്ഞിനെ പുറത്തെടുത്ത് അവർ ആശുപത്രിയിൽ എത്തിച്ചു. കുറച്ച് മണ്ണ് വിഴുങ്ങിയതൊഴിച്ചാൽ കുഞ്ഞിന് മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നു ഡോക്ടർമാർ വിലയിരുത്തി.

Loading...

അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞാണ് ഇതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒരു ദിവസം പ്രായമായ കുഞ്ഞിന്റെ പൊക്കിൾക്കൊടി കൃത്യമായ രീതിയിലല്ല മുറിച്ചിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. കുഞ്ഞിനെ ഒഴിവാക്കാനായിരിക്കും ഇങ്ങനെ ഒരു നീക്കമെന്നും നാട്ടുകാർ ആരോപിച്ചു.