നവജാതശിശുവിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച നിലയിൽ, സംഭവം എറണാകുളത്ത്

എറണാകുളം : എറണാകുളത്ത് അമ്മത്തൊട്ടിലിൽ ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജനറൽ ആശുപത്രിയോട് ചേർന്നുള്ള അമ്മത്തൊട്ടിലിലാണ് ആൺകുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് ഏകദേശം അഞ്ച് ദിവസം പ്രായം വരുമെന്നാണ് നിഗമനം.

എറണാകുളം ജനറൽ ആശുപത്രിയിലെ നഴ്‌സുമാരുടെ പരിചരണത്തിലാണ് കുട്ടി ഇപ്പോളുള്ളത്. കുട്ടിയ്‌ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയ ആളുകളാണ് അമ്മത്തൊട്ടിലിൽ കുഞ്ഞിനെ കണ്ടത്. ഉടൻ ആശുപത്രിയിൽ വിവരം അറിയിക്കുകയായിരുന്നു.

Loading...

അതേസമയം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 3 ലക്ഷം രൂപയ്ക്ക് പെൺകുഞ്ഞിനെ വിറ്റ ദമ്പതികൾക്കായി തമ്പാനൂർ പൊലീസ് അന്വേഷണം തുടരുകയാണ്. ആൾമാറാട്ടം നടത്തി പ്രസവിച്ച കുഞ്ഞിനെ മൂന്നാം ദിവസം വിറ്റ സംഭവത്തിൽ ചൈൽഡ് ലൈൻ അധികൃതരാണ് പരാതി നൽകിയത്. കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിനി ലാലിയെ (39) നിരീക്ഷണത്തിലാക്കിയ പൊലീസ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി.ലാലിയുടെ ഭർത്താവിനും വ്യാജപേരിൽ ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകി വിറ്റ ദമ്പതികൾക്കുമായി പൊലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.