വീഡിയോ സന്ദേശമായി സ്ത്രീധനപീഡനം വിവരം അറിയിച്ചു; യുവതി ആത്മഹത്യ ചെയ്തു

തിരുവല്ലൂർ: സ്ത്രീധന പീഡനവും ആത്മഹത്യകളും തുടർക്കഥയായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി വീണ്ടും ഒരു ആത്മഹത്യ നടന്നിരിക്കുകയാണ്. ഭർതൃവീട്ടിൽ അനുഭവിക്കേണ്ടി വന്ന സ്ത്രീധന പീഡന വിവരം വീഡിയോ സന്ദേശമായി അയച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. തമിഴ്നാട്ടിലെ തിരുവല്ലൂരിലാണ് സംഭവം. തിരുവല്ലൂർ സ്വദേശിയായ ജ്യോതിശ്രീയാണ് പീഡനം സഹിക്കാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നത് എന്ന വിവരം വീഡിയോ സന്ദേശമായി ബന്ധുക്കൾക്ക് അയച്ച ശേഷം ആത്മഹത്യ ചെയ്തത്. ഭർത്താവും, ഭർതൃമാതാവും തന്നെ നിരന്തരം സ്ത്രീധനത്തിൻറെ പേരിൽ പീഡിപ്പിക്കുന്നുവെന്നും, അതിനാൽ അവരാണ് മരണത്തിനുത്തരവാദികളെന്നും ജ്യോതിശ്രീ ഈ വീഡിയോയിൽ പറയുന്നുണ്ട്.കഴിഞ്ഞ ഡിസംബറിലായിരുന്നു തിരുമുല്ലയ്വയ് സ്വദേശിയായ ബാലമുരുകൻ ജ്യോതിശ്രീയെ വിവാഹം കഴിച്ചത്.

വിവാഹ സമയത്ത് ബാലമുരുകനും കുടുംബവും ആവശ്യപ്പെട്ട സ്ത്രീധനം ജ്യോതിയുടെ കുടുംബം നൽകിയിരുന്നു. അറുപത് പവനും, 25 ലക്ഷം രൂപയുമായിരുന്നു സ്ത്രീധനമായി നൽകിയത് എന്നാണ് വിവരം. എന്നാൽ വിവാഹത്തിന് ശേഷം ഇത് മതിയായില്ലെന്ന് പറഞ്ഞ് ഭർത്താവും കുടുംബവും പീഡനം ആരംഭിച്ചെന്നാണ് ജ്യോതിശ്രീ വീഡിയോയിൽ പറയുന്നത്. ഭർത്താവിൻറെ വീട്ടുകാർ എടുത്ത ഹൗസിംഗ് ലോൺ അടച്ച് തീർക്കാൻ ജ്യോതിശ്രീയുടെ വീട്ടുകാർ പണം നൽകണം എന്നായിരുന്നു ഭർത്താവിൻറെ പ്രധാന ആവശ്യം. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ ജ്യോതിശ്രീയുടെ വീട്ടുകാർ തയ്യാറായില്ല. ഇതിനെ തുടർന്ന് കഴിഞ്ഞ വർഷം അവസാനം ജ്യോതിശ്രീയെ ഭർത്താവും, ഭർതൃമാതാവും വീട്ടിൽ നിന്നും ഇറക്കിവിട്ടു. തുടർന്ന് ഇരുകുടുംബങ്ങളും ചർച്ച നടത്തി സന്ധി ചെയ്താണ് ജ്യോതി വീണ്ടും ഭർത്താവിൻറെ വീട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് ജ്യോതിയെ വീട്ടിന് താഴത്തെ നിലയിലെ ഒരു റൂമിലാണ് ഭർതൃവീട്ടുകാർ പാർപ്പിച്ചത്.ഇവിടെത്തെ വൈദ്യുതി പോലും ഭർ‍തൃവീട്ടുകാർ വിച്ഛേദിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

Loading...

ആത്മഹത്യയ്ക്ക് ശേഷം ജ്യോതിയുടെ ആത്മഹത്യകുറിപ്പും, ഫോണിലെ വീഡിയോകളും ഭർതൃവീട്ടുകാർ നശിപ്പിച്ചതായി പൊലീസ് കണ്ടെത്തി. എന്നാൽ ഒരു വീഡിയോ സന്ദേശം ജ്യോതി നേരത്തെ തന്നെ ബന്ധുക്കൾക്ക് അയച്ചത് തെളിവായി. തിരുമുല്ലയ്വയ് പൊലീസ് ജ്യോതിയുടെ ഭർത്താവ് ബാലമുരുകൻ, ഇയാളുടെ അമ്മ, സഹോദരൻ എന്നിവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, തെളിവ് നശിപ്പിക്കൽ, സൈബർ ക്രൈം വകുപ്പുകൾ എന്നിവ ചേർത്താണ് കേസ്. ബാലമുരുകനെയും മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.