മലയാളി ജീവകാരുണ്യപ്രവര്‍ത്തകന്‍ ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ: മഞ്ചേരി വല്ലാഞ്ചിറ മുഹമ്മദ് ശരീഫ് (42) ജിദ്ദയില്‍ ഹൃദായാഘാതം മൂലം നിര്യാതനായി. ശറഫിയ്യ സുലൈമാന്‍ മസ്ജിദ് ഏരിയ കെ.എം.സി.സി പ്രസിഡന്‍റും സ്നേഹസ്പര്‍ശം ജനറല്‍ കണ്‍വീനറുമാണ്. ഇരുപത് വര്‍ഷത്തോളമായി ജിദ്ദയിലുള്ള ശരീഫ് മലയാളികളുടെ സിരാകേന്ദ്രമായ ശറഫിയ്യയിലെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മഞ്ചേരി സി.എച്ച് സെന്‍റര്‍ ജിദ്ദ ചാപ്റ്റര്‍ ട്രഷററാണ്.  മഞ്ചേരി മണ്ഡലം കെ.എം.സി.സി പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശറഫിയ്യയില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജിദ്ദ ജാമിയ ആശുപത്രിയില്‍ ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേമായതിനാല്‍ ഒരാഴ്ചയായി വിശ്രമത്തിലായിരുന്നു. ബുധനാഴ്ച  പ്രഭാതപ്രാര്‍ഥനക്കിടെ  നെഞ്ച് വേദനയുണ്ടായതിനെ തുടര്‍ന്ന് ആസ്പത്രിയിലത്തെിച്ചെങ്കിലും വഴിമധ്യേ മരിച്ചു.കുടുംബ സമ്മേതം ജിദ്ദയിലാണ്. സബിതയാണ് ഭാര്യ. ജിദ്ദ അല്‍നൂര്‍ സ്കൂള്‍ വിദ്യാര്‍ഥികളായ റാണിയ, മുഹമ്മദ് അമല്‍ എന്നിവര്‍ മക്കളാണ്. പരേതനായ വല്ലാഞ്ചിറ മുഹമ്മദ് കുട്ടിയുടെ മകനാണ്. ഉമ്മ: ആഇശ. എസ്.ടി.യു സംസ്ഥാന ഭാരവാഹിയും മഞ്ചേരിയിലെ മുസ്ലീം ലീഗ് നേതാവുമായ വല്ലാഞ്ചിറ മജീദ്, അലി മുഹമ്മദ് (കുഞ്ഞിപ്പു), ഷാഹിദ, ഹഫ്സത്, ഫാത്തിമ സുഹ്റ എന്നിവര്‍ സഹോദരങ്ങളാണ്. ബുധനാഴ്ച  രാത്രി മക്കയിലെ മസ്ജിദുല്‍ ഹറമില്‍ മയ്യിത്ത് നമസ്കാരം നിര്‍വഹിച്ച ശേഷം മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ജന്നത്തുല്‍ മുഅല്ലയില്‍ ഖബറടക്കി.