തിരുവനന്തപുരത്ത് പരാതിക്കാരനെ അധിക്ഷേപിച്ച എഎസ്ഐക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പരാതിക്കാരനെ അധിക്ഷേപിച്ച സംഭവത്തിൽ എഎസ്ഐക്ക് സസ്പെൻഷൻ. നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഗോപകുമാറാണ് പരാതി പറയാനെത്തിയ ആളെ അധിക്ഷേപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിൻ്റെ പശ്ചാത്തലത്തിൽ ഗോപകുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് സസ്പെൻഷൻ.

നെയ്യാറ്റിൻകര ഡിവൈഎസ്പിയോട് വിശദമായ അന്വേഷണത്തിന് നിർദ്ദേശിച്ചിട്ടുണ്ട്. മാത്രമല്ല, വിഷയത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെടാതിരുന്ന സാഹചര്യവും അന്വേഷിക്കണമെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.എഎസ്ഐ ഗോപകുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗോപകുമാർ പൊലീസ് സേനയുടെ യശസ്സിന് കളങ്കം വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥനെ നല്ല നടപ്പ് പരിശീലനത്തിന് അയക്കണമെന്നും ഡിഐജി ശുപാർശ ചെയ്തു. ഇതിന് പിന്നാലെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിരിക്കുന്നത്.

Loading...

സുദേവിന്റെ പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനല്ല ഗോപകുമാർ. മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഗോപകുമാർ അധിഷേപിച്ചത്. ഇതിനാല്‍ മേലുദ്യോഗസ്ഥർക്കെതിരെ പ്രത്യേക അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ റേഞ്ച് ഡിഐജി ശുപാര്‍ശ ചെയ്തു. റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരിദ്ദിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തിൽ അന്വേഷണവും കൂടുതൽ നടപടികളും ആവശ്യപ്പെട്ട് പരാതിക്കാരനായ സുദേവനും നെടുമങ്ങാട് ഡിവൈഎസ്പിക്ക് പരാതി നൽകി.