‘അമ്മയും ലേഖയും തമ്മില്‍ എന്നും വഴക്കായിരുന്നു, കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു’; ലേഖയുടെ ആത്മഹത്യാകുറിപ്പ് ശരിവെക്കുന്ന ചന്ദ്രന്റെ മൊഴി

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തില്‍ ലേഖയുടെ ആത്മഹത്യാ കുറിപ്പ് തള്ളാതെ ഭര്‍ത്താവ് ചന്ദ്രന്‍. അമ്മയും ലേഖയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും താന്‍ മന്ത്രവാദം ചെയ്തിട്ടുണ്ടെന്നും മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ പോലീസിന് മൊഴി നല്‍കി.

ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും മറ്റ് 2 ബന്ധുക്കളുമാണ് മരണത്തിന് കാരണമെന്ന ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. വായ്പ തിരിച്ചടക്കാന്‍ ഭര്‍ത്താവ് ഒന്നും ചെയ്തില്ലെന്നും മാനസികമായി നിരന്തരം പീഡിപ്പിച്ചെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

ആത്മഹത്യ നടന്ന വീട് ഇന്നലെ തന്നെ പോലീസ് സീല്‍ ചെയ്തിരുന്നു. ഇന്ന് പോലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ലേഖയും വൈഷ്ണവിയും തീകൊളുത്തിയ മുറിയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. മൂന്ന് പേജുള്ള കത്ത് ഭിത്തിയില്‍ ഒട്ടിച്ച നിലയിലായിരുന്നു. കൂടാതെ ചുവരിലും എഴുതിയിരുന്നു.

അതേസമയം, കത്തില്‍ ബാങ്കിനേയോ, ജപ്തിക്കായി കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനേക്കുറിച്ചോ ഒന്നും പറയുന്നില്ല.