മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്‌നയ്ക്ക് സ്വാധീനമുണ്ടായിരുന്നതായി എൻഐഎ

കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് നിർണായക പങ്കെന്ന് എൻഐഎ. സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമുള്ളതായി എൻഐഎയുടെ കേസ് ഡയറിയിലാണ് വ്യക്തമാക്കുന്നത്. യുഎഇ കോൺസുലേറ്റിലും നിർണായക സ്വാധീനമുണ്ട്. ഗൂഢാലോചനയിൽ സ്വപ്‌നയ്ക്ക് കൃത്യമായ പങ്കുണ്ടെന്നും കേസ് ഡയറിയിൽ എൻഐഎ വ്യക്തമാക്കുന്നു. കൊച്ചിയിലെ എൻഐഎ കോടതിയിൽ സ്വപ്ന സുരേഷ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം നടക്കുമ്പോൾ ആണ് എൻഐഎ ഇക്കാര്യം പറഞ്ഞത്.

സംസ്ഥാന ഐടി വകുപ്പിൻ്റെ സ്പേസ് പാർക്ക് പ്രൊജക്ടിലും സ്വപ്നയ്ക്ക് നിർണായക സ്വാധീനമുണ്ടായിരുന്നു . മുഖ്യമന്ത്രിയുടെ ഓഫിസിലും യുഎഇ കോൺസുലേറ്റിലും വലിയ ഇടപെടൽ നടത്താനുള്ള ശേഷി അവ‍ർ നേടിയെടുത്തിരുന്നു. സ്വപ്നയുടെ അറിവില്ലാതെ ഒരു കാര്യം പോലും യുഎഇ കോൺസുലേറ്റിൽ നടന്നിരുന്നില്ലെന്നും എൻഐഎ കോടതിയിൽ വെളിപ്പെടുത്തുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിരവധി വാദ പ്രതിവാദങ്ങളാണ് നിലവിൽ എൻഐഎ കോടതിയിൽ നടക്കുന്നത്. എൻഐഎയ്ക്ക് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി വിജയകുമാർ കോടതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇപ്രകാരമാണ്. കള്ളക്കടത്തിനെപ്പറ്റി സ്വപ്‌നയ്ക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായിട്ടും സ്വപ്‌നയ്ക്ക് വലിയ ബന്ധമുണ്ടായിരുന്നു. കോൺസുലേറ്റിൽ നിന്ന് രാജിവച്ച ശേഷവും സ്വപ്‌ന പ്രതിഫലം പറ്റിയിരുന്നു. പ്രിന്സിപ്പൽ സെക്രട്ടറിയാണ് സ്‌പെയ്‌സ് പാർക്ക് പ്രോജക്ടിൽ ഇവരെ ഉൾപ്പെടുത്തിയത്.

Loading...

കോൺസുലേറ്റിൽ നിന്ന് സ്വപ്ന രാജിവെച്ച ശേഷവും 1000 ഡോളർ പ്രതിഫലം കോൺസുലേറ്റ് നൽകിയിരുന്നുവെന്നും വിദേശത്തും സ്വപ്നയ്ക്ക് വലിയ ബന്ധങ്ങളുണ്ടായിരുന്നുവെന്നും എൻഐഎ വ്യക്തമാക്കുന്നു. മാത്രമല്ല, സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുമായി സാധാരണ ബന്ധമാണ് ഉള്ളതെന്നും എൻഐഎ കോടതിയിൽ വ്യക്തമാക്കി. ഷീ ഹാഡ്‌ ക്യാഷുൽ കോൺടാക്റ്റ് വിത്ത് സിഎം’എന്നാണ് എൻഐഎ യ്ക്ക് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഉപയോഗിച്ചിരിക്കുന്നത്. സ്പേസ് പാർക്കിൽ ജോലി വാഗ്ദാനം ചെയ്ത് സ്വപ്നയെ പദ്ധതിയിലേക്ക് കൊണ്ടു വന്നത് ശിവശങ്കറാണ്. സ്പേസ് പാർക്ക്‌ പ്രോജെക്ടിൽ സ്വപ്നക്ക് വൻ സ്വാധീനമുണ്ട്. സ്വ‍ർണക്കടത്തിൽ താഴെത്തട്ടിലെ കണ്ണിയല്ല നി‍ർണായക സ്വാധീനമുള്ള ഇടനിലക്കാരിയാണ് സ്വപ്നയെന്നും എൻഐഎ കോടതിയെ അറിയിച്ചു.