തിരുവനന്തപുരം സ്വര്‍ണ്ണ കടത്ത് കേസ് എന്‍.ഐ.എ അന്വേഷിക്കും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി യു.എ.ഇ കോണ്‍സുലേറ്റിന്‍റെ നയതന്ത്ര ബാഗ് ഉപയോഗിച്ച് നടത്തിയ സ്വര്‍ണ്ണ കടത്ത് കേസ് എന്‍.ഐ.എ അന്വേഷിക്കും. ഇതിനുള്ള അനുമതി ആഭ്യന്തര മന്ത്രാലയം നൽകി. സംഘടിത കള്ളക്കടത്ത് ദേശസുരക്ഷയ്ക്ക് പ്രത്യാഘാതം ഉണ്ടാക്കിയേക്കാം എന്ന് ആഭ്യന്തര മന്ത്രാലയം നിരീക്ഷിച്ചു. ദേശീയ അന്വേഷണ ഏജന്‍സികളുടെ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് വിലയിരുത്തിയാണ് എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രം അനുമതി നല്‍കിയത്.

അതെ സമയം കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് ശബ്ദ വിശദീകരണവുമായി രംഗത്തുവന്നു. താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും ഒരു തിരിമറിയും നടത്തിയിട്ടില്ലെന്നും മാറി നില്ക്കുന്നത് ഭയം കൊണ്ടാണെന്നും സ്വപ്ന വെളിപ്പെടുത്തി. തിരുവനന്തപുരം സ്വർണക്കടത്ത് കേസില്‍ നിരപരാധിയെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

Loading...

ഇതിനിടയിൽ കേസിലെ പ്രതി സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഈ മാസം 15 വരെ സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടത്. കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന് സരിത്തിന്റെ കസ്റ്റഡി അനിവാര്യമാണെന്നായിരുന്നു കസ്റ്റംസിന്റെ വാദം. സരിത്തിന്റെ ഫോണിന്റെ കോള്‍ റെക്കോഡ് വിശദാംശങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.