അല്‍ഖ്വെയ്ദ ഭീകരവാദിയുടെ വീട്ടില്‍ രഹസ്യ അറ: സെപ്റ്റിക് ടാങ്ക് ആണെന്ന് ഭാര്യ

അൽഖ്വെയ്ദ ബന്ധം സംശയിക്കപ്പെട്ട് പശ്ചിമ ബംഗാളിൽ അറസ്റ്റിലായ ആളുടെ വീട്ടിൽ എൻഐഎ രഹസ്യ അറ കണ്ടെത്തിയെന്ന് പൊലീസ്.  എൻഐഎ കണ്ടെത്തിയത് രഹസ്യ അറയല്ലെന്ന് ചൂണ്ടിക്കാട്ടി അബു സൂഫിയാന്റെ ഭാര്യ രംഗത്തെത്തി. 10 അടി നീളവും ഏഴടി വീതിയുമുള്ള രഹസ്യ ചേംബറായി ജില്ലാ പൊലീസ് മേധാവി പറയുന്നത് സെപ്റ്റിക് ടാങ്കാണെന്ന് അറസ്റ്റിലായ ആളുടെ ഭാര്യ പറഞ്ഞു. മൂർഷിദാബാദിൽ അറസ്റ്റിലായ അബു സഫിയാൻ എന്നയാളുടെ വീട്ടിൽ നിന്ന് നിരവധി ഇലക്ട്രിക് ഉപകരണങ്ങളും രഹസ്യ അറയും എൻഐഎ കണ്ടെത്തിയെന്നായിരുന്നു റെയ്ഡ് നടത്തിയ ശേഷം പൊലീസ് പ്രതികരിച്ചത്.

അൽഖായിദ ബന്ധമാരോപിച്ച് കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ദൗത്യം ഭീകരാക്രമണത്തിന് പണം കണ്ടെത്തൽ ആയിരുന്നെന്ന് എൻഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇവരെ കേരളത്തിലേക്ക് അയച്ചത് ആയുധങ്ങൾ വാങ്ങുന്നതിനായി പണം സ്വരൂപിക്കാനും മറ്റുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികളെ ഡൽഹിയിലേക്ക് കൊണ്ടുപോകാൻ കോടതിയിൽ നൽകിയ അപേക്ഷയിലാണ് എൻഐഎ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

Loading...

അൽഖ്വെയ്ദ ഭീകരരെ തെരഞ്ഞ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ ഒമ്പത് പേർ പിടിയിലായെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചിരുന്നു. പശ്ചിമബംഗാളിലെ മൂർഷിദാബാദിൽ നിന്ന് ആറുപേരേയും കേരളത്തിൽ നിന്ന് മൂന്ന് പേരേയുമാണ് അറസ്റ്റ് ചെയ്തത്. നജ്മൂസ് സാക്കിബ്, അബു സൂഫിയാൻ, മൈനുൽ മൊണ്ഡൽ, ലൂ യീൻ അഹ്‌മദ്, അൽ മാമുൻ കമൽ, അതീതുർ എന്നിവരെ കൊൽക്കത്തയിൽ ചോദ്യം ചെയ്യുകയാണെന്ന് എൻഐഎ വക്താവ് പറഞ്ഞു. എല്ലാവർക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.