തിരുവനന്തപുരം. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍ഐഎയുടെ വീണ്ടും റെയ്ഡ് നടത്തുന്നു. സംസ്ഥാനവ്യാപകമായി 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സംഘടനയുടെ രണ്ടാം നിര നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കിയവര്, സാമ്പത്തിക സഹായം നല്കിയവര് എന്നിവരുടെ വീടുകളിലാണ് പരിശോധന.
എന്‍ഐഎയുടെ ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന്റെ തുടര്‍ച്ചയാണ് പുലര്‍ച്ചെ ആരംഭിച്ച റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചെങ്കിലും രഹസ്യമായി സംഘടനയുടെ പ്രവര്‍ത്തനം നടക്കുന്നു എന്ന് രഹസ്വാന്വേഷണ ഉദ്യാേഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിശോധന എന്നാണ് റിപ്പോര്‍ട്ട്.
എറണാകുളം റൂറലിലാണ് കൂടുതല്‍ റെയ്ഡ് നടക്കുന്നത്. ഇവിടെ 12 കേന്ദ്രങ്ങളിലാണ് പരിശോധന. തിരുവനന്തപുരം ജില്ലയില്‍ തോന്നയ്ക്കല്‍, നെടുമങ്ങാട്. പള്ളിക്കല്‍ എന്നീ മൂന്നു സ്ഥലങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്ത്തകന് തോന്നയ്ക്കല്‍ നവാസിന്റെ വീട്ടില്‍ റെയ്ഡ് നടക്കുകയാണ്. പത്തനംതിട്ടയില്‍ പി എഫ് ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്റെ വീട്ടില്‍ പരിശോധന നടക്കുന്നു.
സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട്ടിലും റെയ്ഡുണ്ട്. മൂവാറ്റുപുഴയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും പരിശോധന പുരോഗമിക്കുക്കയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി തമര് അഷ്റഫിന്റെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കേന്ദ്രങ്ങളിലും റെയ്ഡ് പുരാേഗമിക്കുകയാണ്.
റെയ്ഡിനെതിരെ ഒരിടത്തും പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടില്ല. നേരത്തേ പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കുന്നതിനുമുമ്പ് നടത്തിയ റെയ്ഡില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടായിരുന്നത്. പരിശോധനയില്‍ ആരെയെങ്കിലും അറസ്റ്റുചെയ്തോ, എന്തെങ്കിലും രേഖകള്‍ പിടിച്ചെടുത്തോ എന്ന് വ്യക്തമല്ല.