നൈജീരിയയില്‍ കഴിഞ്ഞ മാസം കൊല്ലപ്പെട്ടത് 225 ക്രൈസ്തവര്‍; മൗനം നടിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍

ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിൽ കഴിഞ്ഞ മാസം കൊല്ലപ്പെട്ടത് ഇരുന്നൂറ്റിയിരുപത്തിയഞ്ച് ക്രൈസ്തവ വിശ്വാസികള്‍. ഫുലാനി ഹെർഡ്സ്മാൻ എന്ന ഇസ്ളാമിക ഗോത്ര തീവ്രവാദ സംഘം നടത്തിയ നരഹത്യ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ.സി.സി) എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയാണ് പുറത്തുകൊണ്ട് വന്നത്. രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഗുരുതരമെങ്കിലും നൈജീരിയൻ ഭരണകൂടവും പാശ്ചാത്യ മാധ്യമങ്ങളും പ്രശ്നത്തിൽ മൗനം അവലംബിക്കുകയാണെന്നും ഇത് ക്രൈസ്തവ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

അന്താരാഷ്ട്ര തലത്തിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ നൈജീരിയ മുന്നിലാണെന്നും മാർച്ച് മാസത്തിൽ മാത്രം ഇരുപത്തിയേഴ് ഫുലാനി ആക്രമണങ്ങൾ നടന്നതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ട് ചെയ്യപ്പെടാത്ത സംഭവങ്ങൾ ഇതിലുമേറെയാണ്. പ്ലേറ്റോ, തരാബ മേഖലകളിലാണ് ആക്രമണം വ്യാപകമായി നടന്നത്. ക്രൈസ്തവ ഭവനങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെത്തുടർന്ന് ആയിരകണക്കിന് കുടുംബങ്ങൾ ഇതിനോടകം പലായനം ചെയ്തിട്ടുണ്ട്. ഇസ്ളാമിക തീവ്രവാദ സംഘടനയായ ബൊക്കോ ഹറാമിനു സമാനമായ ശക്തമായ ആക്രമണങ്ങളാണ് ഫുലാനിയും നടത്തുന്നത്. എന്നാല്‍ ഈ ആക്രമണങ്ങളും ക്രൈസ്തവ നരഹത്യയും പാശ്ചാത്യ മാധ്യമങ്ങള്‍ അവഗണിക്കുകയാണ്.

ബൊക്കോ ഹറാമിന് പിന്നാലെയാണ് പാശ്ചാത്യ സമൂഹമെന്നും ഫുലാനികള്‍ നടത്തുന്ന രൂക്ഷമായ ആക്രമണങ്ങള്‍ 2014-മുതല്‍ പുറത്തുവന്നിരിന്നതായും ക്രിസ്ത്യൻ പോസ്റ്റിന് അനുവദിച്ച അഭിമുഖത്തിൽ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റീജിയണല്‍ മാനേജര്‍ നഥാൻ ജോൺസൺ പറഞ്ഞു. നൈജീരിയൻ ആഭ്യന്തര കലഹമായി ഫുലാനി ആക്രമണങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്നതായും ഭരണകൂടത്തിന്റെ നിസ്സംഗത ക്രൈസ്തവരുടെ ജീവിതം ദുരിതത്തിലാഴ്ത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്നു ആയിരകണക്കിന് ക്രൈസ്തവ കുടുംബങ്ങളാണ് ഇതിനോടകം പലായനം ചെയ്തത്.

Top