നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു, സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കാല കര്‍ഫ്യു

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കാല കര്‍ഫ്യു നടപ്പാക്കാൻ തീരുമാനം. ഇന്ന് വൈകീട്ട് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം ഉണ്ടായത്. രാത്രി 9 മണി മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പൊതുഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകില്ല. എന്നാല്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കും. സ്വാകാര്യ ട്യൂഷന്‍ സെന്റര്‍ അനുവദിക്കില്ലെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും നിര്‍ദേശം ഉണ്ട്.

സിനിമ തീയേറ്റർ രാത്രി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം, കൊവിഡ് കൂട്ടപ്പരിശോധനയുടെ കൂടുതൽ ഫലങ്ങൾ ഇന്ന് പുറത്തുവരുന്നതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം ലക്ഷം കടക്കുമെന്നാണ് സൂചന.രോഗ ബാധ കുത്തനെ കൂടുന്ന എറണാകുളം, കോഴിക്കോട് അടക്കം ജില്ലകളിൽ നിയന്ത്രണങ്ങൾ കര്‍ക്കശമാക്കി. ചികിത്സയിലുള്ള രോഗ ബാധിതര്‍ ലക്ഷം കടക്കുന്നതോടെ കിടത്തി ചികിത്സ ആവശ്യമായവരുടേയും രോഗം ഗുരുതരമാകുന്നവരുടേയും എണ്ണം കൂടുമെന്നാണ് കണക്കുകൂട്ടൽ.അങ്ങനെ വന്നാൽ സര്‍ക്കാര്‍ മേഖലയില്‍ കൊവിഡ് ഇതര ചികിത്സകൾ പരിമിതപ്പെടുത്തും.

Loading...