ഞാന്‍ ഒരു ഗേ ആണെന്ന് വീട്ടില്‍ പറഞ്ഞതോടെ അവര്‍ക്ക് അത് ഷോക്കായി: ‘മോനേ.. നീ ഒരു കല്യാണം കഴിക്ക് എല്ലാം മാറും’ എന്ന് അമ്മ കരഞ്ഞുപറഞ്ഞു

സ്വവര്‍ഗദമ്പതികളായ നികേഷിന്റെയും സോനുവിന്റെയും സ്വന്തം ജീവിതമാണ് ‘ഒരു വ്യത്യസ്ത പ്രണയകഥ’യിലുടെ വായനക്കാരുമായി പങ്കുവയ്ക്കുന്നത്. ഒരു വര്‍ഷക്കാലമായി നികേഷും സോനുവും വിവാഹിതരായി എറണാകുളത്ത് ഒരുമിച്ചാണ് താമസം. 14 വര്‍ഷം നീണ്ട ആദ്യ പ്രണയം സ്വവര്‍ഗാനുരാഗമെന്ന കാരണത്താല്‍ വേര്‍പിരിഞ്ഞപ്പോള്‍ ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് നികേഷും സോനുവും പ്രണയത്തിലാവുന്നതും വിവാഹം ചെയ്യുന്നതും. ഈ പ്രണയകഥയാണ് നികേഷ് പങ്കുവയ്ക്കുന്നത് .

അപമാനഭാരവും ഭയവും ഗ്രസിച്ചിരുന്ന അവരുടെ വനപര്‍വ്വം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ മുന്നിലുള്ളത് പുതിയ ആകാശം. ആണും ആണും തമ്മില്‍ പ്രണയത്തിലാകുകയോ, വിവാഹം കഴിക്കുകയോ ചെയ്യുന്നെന്ന് പറയുമ്പോള്‍ അതിശയമായിരുന്നു ചിലര്‍ക്ക്. കേരളത്തിലെ ആദ്യത്തെ സ്വവര്‍ഗ വിവാഹിതര്‍ ആണ് ഞങ്ങള്‍ എന്നു പ്രഖ്യാപിച്ച നികേഷും സോനുവും ഏതു പക്ഷക്കാരോടും ഒന്നേ പറയുന്നുള്ളു ‘ഇങ്ങനെയും ഉണ്ട് അനുരാഗം… മനസ്സിലാക്കുക. ജീവിക്കാന്‍ അനുവദിക്കുക. എല്‍ജിബിടി കമ്യൂണിറ്റിയെക്കുറിച്ച് മനസിലാക്കൂ എന്ന് പ്രതികരിച്ചവരും ഉണ്ട് അക്കൂട്ടത്തില്‍ എന്നതാണ് ഈ ദമ്പതികളുടെ ആശ്വാസം.

Loading...

‘കുറച്ചു പേരെങ്കിലും മനുഷ്യത്വത്തോടെ പെരുമാറുന്നുണ്ടല്ലോ. ആരെയും ഉപദ്രവിക്കുകയോ ആരോടും മോശമായി പെരുമാറുകയോ ഞങ്ങള്‍ ചെയ്യുന്നില്ല. ജീവിതത്തില്‍ ഒറ്റയ്ക്കായി പോകാതിരിക്കാന്‍ ചേരാന്‍ കഴിയുന്ന പങ്കാളിയെ കണ്ടെത്തി എന്നേയുള്ളു. ” നികേഷ് പറയുന്നു. ഞങ്ങള്‍ രണ്ടു പേര്‍ക്കും ജോലിയും വരുമാനവും ഉണ്ട്. ഞങ്ങളുടെ ഉള്ളിലുമുണ്ട് വാല്‍സല്യവും സ്‌നേഹവും. അത് ആരും ഇല്ലാത്ത ഒരു കുഞ്ഞിന് നല്‍കണം. അതിനായി ഒരു കുഞ്ഞിനെ ദത്തെടുക്കണം. അച്ഛനും അമ്മയും ഉപേക്ഷിച്ച ഒരു കുഞ്ഞ് ആരും ഇല്ലാതെ അനാഥാലയത്തില്‍ വളരുന്നതിലും നല്ലതല്ലേ രണ്ട് അച്ഛന്മാരെ ലഭിക്കുന്നതെന്ന് സോനു പറയുന്നു.

അസമില്‍ റസ്റ്ററന്റ് ബിസിനസിനൊപ്പം ഷെയര്‍ ട്രേഡിങ് കൂടി ചെയ്യുകയാണ് നികേഷ്. സോനു ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്നു. 2018 ജൂലൈ അഞ്ചിന് ഗുരുവായൂര്‍ ക്ഷേത്രത്തിനു പുറത്തു നിന്ന് മോതിരം മാറി, വരണമാല്യമണിഞ്ഞ് വിവാഹിതരായി രണ്ടു മാസം കഴിഞ്ഞപ്പോഴാണ് സുപ്രധാന കോടതി വിധി വരുന്നത്.

നിയമാനുസൃതമായി തന്നെ വിവാഹം കഴിക്കണം എന്ന ആഗ്രഹവും അത് ഞങ്ങളുടെ അവകാശവുമാണെന്ന തോന്നലും ഉണ്ടാകുന്നത് പിന്നീടാണ്. ഇതിന് ഇറങ്ങിത്തിരിച്ചാല്‍ എതിര്‍പ്പുകള്‍ നേരിടും എന്നറിയാമായിരുന്നു. പക്ഷേ, ഞങ്ങളെപ്പോലുള്ളവര്‍ക്ക് നാളെ സ്വസ്ഥമായും സമാധാനമായും ജീവിക്കാന്‍ അവസരമൊരുക്കണം എന്നു തോന്നി

പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി പ്രണയത്തിലാകുന്നത്. ഒരു പെണ്‍കുട്ടിയെ പ്രണയിച്ചെങ്കിലും മതം വ്യത്യസ്തമായതിനാല്‍ വിവാഹം കഴിക്കാന്‍ കഴിയാത്ത ബൈ സെക്ഷ്വല്‍ ആയ ഒരു ചെറുപ്പക്കാരനുമായെന്ന് നികേഷ് പറയുന്നു. ”രാവിലെ ഞാന്‍ കോളജില്‍ പോകാന്‍ ഇറങ്ങുമ്പോള്‍ അവന്‍ സൈക്കിള്‍ ചവിട്ടി വന്ന് വഴിയില്‍ കാത്തുനില്‍ക്കും. ഒരു കത്തുമായി. അതും വാങ്ങി ബസില്‍ കോളേജിലേക്ക് പോകുമ്പോള്‍ എന്റെ ഹൃദയമിടിപ്പ് കൂടും. കോളജിലെത്തിയാല്‍ ഞാന്‍ ടോയ്ലറ്റിലേക്ക് ഓടും. രഹസ്യമായി അവന്റെ കത്ത് വായിക്കാന്‍. പിറ്റേന്ന് മറുപടിയെഴുതി കയ്യില്‍ കരുതും.

രാത്രി ഒന്‍പത് മണിക്ക് അവന്‍ എന്റെ വീട്ടിനരികിലെത്തി സൈക്കിളിന്റെ ബെല്ലടിക്കും. ഞാന്‍ ഉടന്‍ മുകളിലെ എന്റെ റൂമിലെത്തി ലൈറ്റ് മൂന്നു വട്ടം ഓണ്‍ ഓഫ് ആക്കും. അത് ഞങ്ങളുടെ പ്രണയ സന്ദേശമായിരുന്നു. ഡിഗ്രി കാലഘട്ടമായപ്പോഴേക്കും പരസ്പരം വീടുകള്‍ സന്ദര്‍ശിച്ചു തുടങ്ങി. മനസ് പങ്കു വച്ച ഞങ്ങള്‍ ശരീരവും പങ്കുവച്ചു തുടങ്ങി. ആണായതിനാല്‍ ഞങ്ങളുടെ അടുപ്പം വീട്ടുകാര്‍ സംശയിച്ചില്ല.

എംബിഎ പാസായി നല്ലൊരു ജോലി സമ്പാദിച്ച് അവനോടൊപ്പം ജീവിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, നല്ല പേടിയുണ്ടായിരുന്നു. സ്വവര്‍ഗരതി അന്ന് ക്രിമിനല്‍ കുറ്റമാണ്. മതം മാറിയും ജാതി മാറിയും പ്രണയിക്കുന്ന ഒരു പുരുഷനും സ്തീയും അനുഭവിക്കുന്നതിന്റെ ഇരട്ടിയായിരുന്നു അക്കാലത്ത് ഞങ്ങള്‍ അനുഭവിച്ച ടെന്‍ഷന്‍. പഠനം പൂര്‍ത്തിയായ ഞാന്‍ ദുബായില്‍ ജോലി സമ്പാദിച്ചു. ജോലി തരമാക്കി അവനെയും കൊണ്ടുപോയി. അവിടെ ഒന്നിച്ചു ജീവിച്ചു.

അച്ഛന്‍ മരിച്ചപ്പോള്‍ വീട്ടിലെത്തിയ സമയത്താണ് വിവാഹം കഴിക്കാന്‍ അമ്മയും ചേച്ചിമാരും എന്നെ നിര്‍ബന്ധിച്ചു തുടങ്ങിയത്. ചേച്ചിമാരുടെ വിവാഹം അപ്പോഴേക്ക് കഴിഞ്ഞിരുന്നു. എനിക്ക് വേറെ നിവര്‍ത്തിയില്ലാതായതോടെ സത്യങ്ങള്‍ തുറന്നു പറഞ്ഞു. വീട്ടുകാര്‍ക്ക് അതൊരു ഷോക്ക് ആയിരുന്നു. വീട്ടില്‍ നില്‍ക്കാന്‍ വയ്യാതെ ഞാന്‍ എന്റെ നാടായ ഗുരുവായൂരില്‍ നിന്നു എറണാകുളത്തേക്കു വന്നു. ഇടയ്ക്ക് വീട്ടിലെത്തുമ്പോള്‍ എല്‍ജിബിടിയെ കുറിച്ചുള്ള പത്രവാര്‍ത്തകളും ഇന്റര്‍നെറ്റ് വിവരങ്ങളും ഞാനമ്മയ്ക്ക് കാണിച്ചു കൊടുത്തു. സാവധാനം അമ്മ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടു. ‘

കൂത്താട്ടുകുളം എന്ന ഗ്രാമത്തിലാണ് എന്റെ വീട്. ഗേ എന്ന് കേട്ടിട്ടുപോലുമില്ല അച്ഛനും അമ്മയും. ഞാനിത് പറഞ്ഞപ്പോള്‍ അമ്മ തകര്‍ന്നുപോയി. ‘മോനേ.. നീ ഒരു കല്യാണം കഴിക്ക് എല്ലാം മാറും’ എന്ന് അമ്മ കരഞ്ഞു. ഒന്നും മാറില്ല എന്ന് എനിക്കറിയാമായിരുന്നു. ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ ചേച്ചിയായോ അനിയത്തിയായോ മാത്രമേ എനിക്ക് കാണാന്‍ കഴിയൂ. ലൈംഗികമായ ഒരു ചിന്തയും ഉണര്‍വും തോന്നില്ല. മറിച്ച് ആണ്‍കുട്ടികളോട് അത് തോന്നുന്നുമുണ്ട്. അതുകൊണ്ട് ഞാനവരെ സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോണിന്റെ അടുത്ത് കൊണ്ടുപോയി. ഡോക്ടര്‍ പറഞ്ഞപ്പോള്‍ അവരെന്നെ ഉള്‍ക്കൊണ്ടു. ഈ രണ്ട് അമ്മമാരുടെയും ഉപാധികളില്ലാത്ത സ്‌നേഹമാണ് എന്നെയും നികേഷേട്ടനെയും ഇന്ന് നിലനിര്‍ത്തുന്നത്.” ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരുടെയും തുറന്നുപറച്ചില്‍