നിമിഷ പ്രിയയുടെ മോചനത്തിന് ആവശ്യം 92,000 ഡോളർ ബ്ലഡ് മണി; യൂസഫലി ഇടപെടുന്നതായി ജസ്റ്റിസ് കുര്യൻ ജോസഫ്

ദില്ലി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുകയാണ്. യമൻ പൗരന്റെ കുടുംബത്തിന് ബ്ലഡ് മണി നൽകി മോചിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. മോചനത്തിനായി വ്യവസായി യൂസഫലി കൂടി ഇടപെടുന്നതായി റിട്ടയേഡ് ജസ്റ്റിസ് കുര്യൻ ജോസഫ് അറിയിച്ചു. ച‍ർച്ചകളിലും ദയാധനം സമാഹരിക്കുന്നതിലും യൂസഫലിയുടെ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. നിമിഷ പ്രിയയുടെ മോചനത്തിനായുള്ള അനൗദ്യോഗിക ചർച്ചകൾ തുടരുകയാണ്. ചർച്ചകളെല്ലാം എകോപിപ്പിക്കുന്ന കേന്ദ്ര സർക്കാർ വൈകാതെ ആരൊക്കെ യെമനിലേക്ക് പോകണമെന്നതിൽ തീരുമാനമെടുക്കും.

ഇന്ത്യയിൽ നിന്നുള്ള സംഘം യെമനിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുമായി ചേർന്നാകും മോചനത്തിനായുള്ള ചർച്ചകൾ നടത്തുക. നേരത്തെ, നിമിഷ പ്രിയയെ ബ്ലഡ് മണി നൽകി മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ആയിരിക്കും നേതൃത്വം നൽകുക എന്ന വിവരം പുറത്ത് വന്നിരുന്നു. യെമൻ പൗരൻ തലാൽ മുഹമ്മദിന്റെ കുടുംബവുമായി ചർച്ച നടത്തി നിമിഷയെ വധശിക്ഷയിൽ നിന്നും രക്ഷിച്ചെടുക്കാനുള്ള ‘സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ’ ന്റെ ശ്രമങ്ങൾക്കാണ് ജസ്റ്റിസ് കുര്യൻ ജോസഫ് നേതൃത്വം നൽകുന്നത്.അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചക്ക് തയ്യാറെന്ന് യെമൻ അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 50 മില്യൺ യെമൻ റിയാൽ (92,000 ഡോളർ) എങ്കിലും ബ്ലഡ്മണിയായി നൽകേണ്ടി വരുമെന്നാണ് അറിയിപ്പ്. 10 മില്യൺ യെമൻ റിയാൽ കോടതി ചെലവും പെനാൽട്ടിയും നൽകണം. യെമനിലേക്ക് പോകാനുള്ള കേന്ദ്രസർക്കാർ അനുമതി കാത്തിരിക്കുകയാണ് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ.

Loading...