കിണറ്റില്‍ നിന്നും കുടിയേറ്റ തൊഴിലാളികളായ ഒമ്പത് പേരുടെ മൃതദേഹം കണ്ടെത്തി

ന്യൂഡല്‍ഹി: ഒമ്പത് കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തി. ഇതില്‍ അറ് പേര്‍ ഒരേ കുടുംബത്തിലുള്ളവരാണ്. തെലങ്കാനയിലെ വാറങ്കലില്‍# ചണച്ചാക്ക് നിര്‍മ്മാണ കമ്പനിയുടെ കിണറ്റില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പട്ടിണി സഹിക്കാനാവാതെ തൊഴിലാളികള്‍ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാധമിക നിഗമനം.

മരിച്ചവര്‍ എല്ലാവരും കമ്പനിയില്‍ ജോലിക്കരാണ്. പശ്ചിമബംഗാള്‍ സ്വദേശികളായ മുഹമ്മദ് മക്‌സൂദ് അലാം (56), ഭാര്യ നിഷ (48), ആണ്‍മക്കളായ സുഹേല്‍, ശബാദ്, മകള്‍ ബുഷ്‌റ (24),ബുഷ്‌റയുടെ മൂന്ന് വയസുള്ള മകന്‍, തൃപുര സ്വദേശി ഷക്കീല്‍ അഹമ്മദ്, ബീഹാര്‍ സ്വദേശികളായ ശ്രീറാം, ശ്യാം എന്നിവരുടെ മൃതദേഹമാണ് ഒരേ കിണറില്‍ നിന്നും കണ്ടെത്തിയത്.

Loading...

ഇന്നലെ രാവിലെയും വ്യാഴാഴ്ച വൈകിട്ടുമായിട്ടാണ് കിണറ്റില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. രണ്ടുദിവസം മുമ്പാണ് ഇവരെ കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കമ്പനിയോട് ചേര്‍ന്നുള്ള കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ശരീരങ്ങളില്‍ മുറിവ് പറ്റിയതിന്റെയോ മര്‍ദ്ദനം ഏറ്റതിന്റെയോ യാതൊരു പാടുകളോ മുറിവുകളോ ഇല്ല.

കരിമ്പാദിലെ വാടകവീട്ടിലാണ് കഴിഞ്ഞ 20 വര്‍ഷമായി മുഹമ്മദിന്റെ കുടുംബം താമസിച്ചിരുന്നത്. അലാമും ഭാര്യയും രണ്ടു മക്കളും ചണച്ചാക്ക് കമ്പനിയിലെ തൊഴിലാളികളാണ്. വിവാഹമോചനം നേടിയ മകള്‍ ബുഷ്‌റയും ഇവര്‍ക്കൊപ്പമായിരുന്നു താമസം.

അതേസമയം ലോക്ക് ഡൗണിനെത്തുടര്‍ന്ന് കമ്പനി പൂട്ടിയതോടെ തൊഴിലാളികള്‍ വളരെ ബുദ്ധിമുട്ടിലായിരുന്നു. കമ്പനി മുതലാളിയുടെ അനുവാദത്തോടെ വാടക വീട് വിട്ട് കമ്പനി ഗോഡൗണിലേക്ക് താമസം മാറ്റി. മറ്റ് തൊഴിലാളികളും ഗോഡൗണില്‍ തന്നെയായിരുന്നു താമസം. ജോലിയില്ലെങ്കിലും ഇവര്‍ക്ക് താന്‍ നേരിട്ട് ഭക്ഷണം എത്തിച്ചിരുന്നതായി കമ്പനിയുടമ പറഞ്ഞു.