പൂര്‍ണഗര്‍ഭിണിയെയും കുടുംബത്തെയും ചെക്ക് പോസ്റ്റില്‍ തടഞ്ഞു; രാത്രി മുഴുവന്‍ പെട്രോള്‍ പമ്പില്‍ കഴിഞ്ഞു

വയനാട്: ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട പൂര്‍ണഗര്‍ഭിണിയെയും കുടുംബത്തെയും മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് തടഞ്ഞു. കണ്ണൂരിലേക്ക് പുറപ്പെട്ടതായിരുന്നു സംഘം. കടത്തിവിടാത്തതിനെത്തുടര്‍ന്ന് യുവതിയും കുടുംബവും രാത്രി മുഴുവന്‍ പെട്രോള്‍ പമ്പില്‍ കഴിയുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് ദാരുണമായ സംഭവം ഉണ്ടായത്. കണ്ണൂര്‍ സ്വദേശിയായ ഷിജിലയും കുടുംബവും മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി കണ്ണൂരിലേക്ക് വരികയായിരുന്നു.

എന്നാല്‍ യാത്രയ്ക്ക് കേരള അധികൃതരുടെ അനുമതി മുന്‍കൂട്ടി വാങ്ങാതെയായിരുന്നു ഇവര്‍ യാത്ര ചെയ്തത്. കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി കുടുംബത്തിനും ലഭിച്ചിരുന്നില്ല. ഇവരുടെ യാത്രയെപ്പറ്റിയുള്ള യാതൊരു അറിയിപ്പും ചെക്ക്‌പോസ്റ്റില്‍ ലഭിച്ചിരുന്നുമല്ല.

Loading...

കൂടാതെ ഗര്‍ഭിണിയായ യുവതിയും ഇവരുടെ സഹോദരിയും രണ്ട് കുട്ടികളും ഇവരോടൊപ്പം ഉണ്ടായിരുന്നു. ഇത്രയും ആള്‍ക്കാരെ കടത്തി വിടണമെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് ലഭിക്കണം. അറിയിപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഗര്‍ഭിണിയേയും കുടുംബത്തേയും ചെക്ക് പോസ്റ്റില്‍ തടഞ്ഞതെന്നാണ് ചെക്ക്‌പോസ്റ്റ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. തുടര്‍ന്ന് ചെക്ക്‌പോസ്റ്റില്‍ അധികൃതര്‍ തടഞ്ഞതിനെ തുടര്‍ന്ന് മൈസൂരിലെ ബന്ധുവീട്ടില്‍ പോവുകയും ഇടക്ക് വഴി തെറ്റി ഗര്‍ഭിണിയും കുടുംബവും പെട്രോള്‍ പമ്പില്‍ കഴിയുകയുമായിരുന്നുവെന്നാണ് വിവരം.

അതേസമയം മറ്റ് ജില്ലകളിലും സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഗര്‍ഭിണികള്‍ അനുമതി തേടിയ സാഹചര്യത്തില്‍ ഇപ്പോള്‍ എവിടെയാണോ കഴിയുന്നത് അവിടെ ചികിത്സ ലഭിക്കാത്ത സാഹചര്യത്തില്‍ മാത്രമേ മറ്റ് സ്ഥലത്തേക്ക് പോകാനുള്ള അനുമതി നല്‍കുകയുള്ളൂ എന്ന് കഴിഞ്ഞ ദിവസം ജില്ലാകളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇവരുടെ യാത്രക്കായി കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി കിട്ടിയതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.