നിപ വൈറസ്; കോഴിക്കോട്ടെ കണ്ടെയിൻമെന്റ് സോൺ വാർഡുകളും നിയന്ത്രണങ്ങളും ഇങ്ങനെ

കോഴിക്കോട് ജില്ലയിൽ നിപ വൈറസ് റിപ്പോർട്ട് ചെയ്ത ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുഴുവനായും പ്രദേശത്തിന്റെ 3 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലാ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഢി ഉത്തരവിറക്കി. മുക്കം മുൻസിപ്പാലിറ്റിയിലെ 18,19,20,21,22 വാർഡുകൾ മുഴുവനും, മാവൂർ ഗ്രാമപഞ്ചായത്തിലെ 9,10,11 വാർഡുകൾ മുഴുവനും, കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 1,2,3,11,12,13,14,15,16 വാർഡ് മുഴുവനും, വാർഡ് 9 ലെ പരപ്പിൽ ഭാഗം മാത്രം വാർഡ് 10 ലെ പഴംപറമ്പ് – പൊറ്റമ്മൽ ഭാഗം, കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 14 മുഴുവൻ, വാർഡ് 13 ലെ അരീക്കോട് മുക്കം സ്റ്റേറ്റ് ഹൈവേയുടെ ഇടത് ഭാഗം. എന്നീ വാർഡുകളിലും പ്രദേശങ്ങളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

1. കണ്ടെയിൻമെന്റ് സോണായ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല (Strict perimeter control)
2. വാർഡുകളിൽ കർശനമായ ബാരിക്കേഡിംഗ് നടത്തും. ഇക്കാര്യം പോലിസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തണം.
3. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ അനുവദനീയമായിട്ടുള്ളൂ. പ്രവർത്തന സമയം രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് 12 മണി വരെ മാത്രം. മരുന്ന് ഷോപ്പുകൾക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.
4. സർക്കാർ- അർദ്ധസർക്കാർ -പൊതുമേഖല – ബാങ്കുകൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനിയെരുത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല.
5. തദ്ദേശസ്വയംഭരണ സ്ഥാപനം, വില്ലേജ് ഓഫീസുകൾ, പോലീസ് സ്റ്റേഷൻ എന്നിവ മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും, വില്ലേജുകളിലും പൊതുജനങ്ങൾ എത്തുന്നത് തടയേണ്ടതും പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.
6. വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടുള്ളതല്ല. ഇതുസംബന്ധിച്ച് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസറും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും നിർദ്ദേശങ്ങൾ നൽകണം.

Loading...