പറയുമ്പോൾ മാലാഖ, മരിച്ച ലിനിയുടെ വീട്ടിൽ ആരും പോകില്ല, പേടിയും, കള്ള കഥകളും പടർത്തുന്നു

നാടൊട്ടുക്കും മാലാഖയായി വാഴ്ത്തുന്ന നഴ്‌സ് ലിനിയുടെ വീട്ടിലേക്കും പൊതുപ്രവര്‍ത്തകര്‍ പോലും കയറാന്‍ മടിക്കുന്നു. . ഒറ്റപ്പെടുത്തലിന്റെ കുന്തമുന നീളുന്നത് ആരോഗ്യവകുപ്പ് അധികൃതരിലേക്കുകൂടിയാണ്. മരണം നടന്ന ചില വീടുകളിലെ അയല്‍വീട്ടുകാരോട് അവര്‍ ജാഗ്രതപാലിക്കാന്‍ പറഞ്ഞിട്ടുണ്ട്. സൂപ്പിക്കടയിലെയും ഇസ്മയിലിന്റെയും മരണവീടുകള്‍ക്ക് സമീപത്തുനിന്ന് ചിലര്‍ ഒഴിഞ്ഞുപോയതിനുകാരണം പ്രധാനമായും ഈ മുന്നറിയിപ്പുതന്നെയാണ്. ”മറ്റെല്ലാവരും പോയി. ഞാന്‍ എവിടേക്ക് പോകാനാണ്?” എന്നാണ് ഇസ്മയിലിന്റെ ഒരു അയല്‍ക്കാരി ചോദിച്ചത്.ഞങ്ങളെ എന്തിനാണ് സമൂഹം ഇങ്ങനെ ഒറ്റപ്പെടുത്തുന്നത്? നിപ വൈറസ് ബാധയേറ്റ് മരിച്ച കൂരാച്ചുണ്ട് സ്വദേശി രാജന്റെ ബന്ധു ജിതേഷിന്റെ ചോദ്യം വേദനയുടെയും അവഗണനയുടെയും ബാക്കിപത്രമാണ്. രാജന്‍ മരിച്ചത് ചൊവ്വാഴ്ചയാണ്. മാവൂര്‍ റോഡ് വൈദ്യുതശ്മശാനത്തില്‍നിന്ന് ഏല്‍ക്കേണ്ടിവന്ന ദുരനുഭവങ്ങളും മരണവീട്ടിലേക്ക് ബന്ധുക്കളും പൊതുപ്രവര്‍ത്തകരും എത്താത്തതിന്റെ നിരാശയുമാണ് മൊഴികള്‍ക്കാധാരം. അപ്രതീക്ഷിതവും ആകസ്മികവുമായ മരണമായിട്ടു കൂടി താങ്ങുംതണലുമാകേണ്ടി വന്നവര്‍ മാറിനിന്നു.

സൂപ്പിക്കടയിലെ മുഹമ്മദ് സ്വാലിഹിന്റെയും സാബിത്തിന്റെയും ഉമ്മ മറിയം മറ്റൊരു വിധത്തിലാണ് അവരുടെ അനുഭവം പറഞ്ഞത്. അത് ഒറ്റപ്പെടുത്തലിനപ്പുറം കുറ്റപ്പെടുത്തലിന്റെയും കള്ളപ്രചാരണങ്ങളുടെയും കഥകള്‍കൂടിയാണ്. നിപ വൈറസിനെ സൂപ്പിക്കടയിലെ അവരുടെ കൊച്ചുവീട്ടില്‍ സൃഷ്ടിച്ചതുപോലുള്ളതായിരുന്നു ആ പ്രചാരണമെന്ന് അവരുടെ വാക്കുകളില്‍ വ്യക്തം.

Loading...

”സാബിത്തിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവന്റെകൂടെ ഞാനെപ്പോഴും ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളും ഞാനാണ് ചെയ്തത്? എന്നിട്ടും എനിക്ക് രോഗമില്ലല്ലോ…?”- നാല് ആണ്‍മക്കളില്‍ മൂന്നുപേരെയും നഷ്ടമായ അവര്‍ ചോദിച്ചു. കഴിഞ്ഞില്ല, ”ഞാനും ഏകമകനും പോലും മരിച്ചുപോയെന്നും കള്ളക്കഥകള്‍ മെനഞ്ഞു”.

മരണവീടുകളില്‍നിന്ന് വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്നത് വിദഗ്ധര്‍ സമ്മതിക്കുന്ന കാര്യമാണ്. പക്ഷേ, അതൊരു സാധ്യത മാത്രമാണ്. മുന്‍കരുതലും ജാഗ്രതയുമുണ്ടെങ്കില്‍ പ്രതിരോധിക്കാവുന്ന സാധ്യത. പേരാമ്ബ്ര പ്രദേശത്തെ മരണവീടുകളില്‍ എത്തിയ വിദഗ്ധസംഘങ്ങളൊന്നും പേടിപ്പെടുത്തുംവിധം മുന്‍കരുതലുകള്‍ എടുത്തിരുന്നില്ല. ഗ്ലൗസും മാസ്‌കും ധരിക്കാതെ വന്ന് ജനങ്ങളുടെ ഭീതി അകറ്റാനും ചിലര്‍ ശ്രമിച്ചു.

എന്നാല്‍, ജാഗ്രതയുടെപേരില്‍ അയല്‍വീടുകളില്‍ പോയി അവരെ മരണവീടുകളില്‍നിന്ന് അകറ്റുന്ന ഉപദേശം നല്‍കിയതിനുപിന്നിലെ ആസൂത്രണം പരിശോധിക്കപ്പെടേണ്ടതുതന്നെയാണ്. വീടൊഴിഞ്ഞുപോകുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചെന്നുകേറേണ്ടിടത്ത് പലര്‍ക്കും മുറുമുറുപ്പ് നേരിടേണ്ടിവരുന്നു.