12 പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചു; രണ്ട് പേരുടെ നില ഗുരുതരം; ഇന്ന് മരിച്ച രണ്ട് പേര്‍ക്കും നഴ്‌സിനും നിപ്പ ബാധിച്ചിരുന്നു

കോഴിക്കോട്: 12 പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ലാബിലേക്കയച്ച 18 സാമ്പിളുകളില്‍ 12 പേര്‍ക്കാണ് നിപ്പ സ്ഥിരീകരിച്ചു. ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ച 12 പേരില്‍ പത്ത് പേരും മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇന്ന് മരിച്ച രണ്ട് പേര്‍ക്കും നിപ്പ ബാധിച്ചതായി സ്ഥിരീകരിച്ചു. ഇന്നലെ മരിച്ച നഴ്‌സ് ലിനിയ്ക്കും നിപ്പ ബാധിച്ചിരുന്നതായി ആരോഗ്യമന്ത്രി വ്യക്തമാക്കി.

മലപ്പുറത്ത് വൈറല്‍ പനി ബാധിച്ചവര്‍ക്കും നിപ്പ സ്ഥിരീകരിച്ചു. വൈറസ് ബാധ പരിശോധിക്കാൻ എയിംസിൽ നിന്നുള്ള സംഘം ഇന്നെത്തും. നിപ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് നൽകില്ല വൈദ്യുത ശ്മശാനത്തിൽ സംസ്കരിക്കും.

നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 2 പേരാണ് ഇന്ന് മരിച്ചത്. കോഴിക്കോട് പേരാമ്പ്ര കൂരാചുണ്ട് സ്വദേശി രാജനും നാദാപുരം സ്വദേശി അശോകനുമാണ് മരിച്ചത്. മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു രാജന്‍.

നിപ്പ വൈറസിനെതിരെ ഫലപ്രദമായ ആന്റിവൈറൽ മരുന്നുകളും വാക്സിനും ലഭ്യമല്ലാത്തതുകൊണ്ട് പ്രതിരോധമാർഗങ്ങൾക്കാണ് പ്രാധാന്യം നൽേകണ്ടത്.

മൃഗങ്ങളുമായി അടുത്തിടപഴകേണ്ടിവരുമ്പോൾ ശരിയായ വ്യക്തിശുചിത്വം പാലിക്കണം. രോഗിയെ പരിചരിക്കുമ്പോഴും അടുത്തിടപഴകുമ്പോഴും അതിശ്രദ്ധയുണ്ടാകണം.

രോഗിയെ പരിചരിച്ചശേഷം കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് നന്നായി കഴുകണം. രോഗിയെ ശുശ്രൂഷിക്കുമ്പോൾ കൈയുറകൾക്കും മാസ്കിനുമൊപ്പം കണ്ണിനു സംരക്ഷണം ലഭിക്കാനായി അതിനുള്ള കണ്ണടകളും ധരിക്കണം.

പരിചരിക്കുന്നവരുടെ ശരീരത്തിലും മറ്റും രോഗിയുടെ ശരീരദ്രവങ്ങൾ പറ്റാൻ സാധ്യതയുള്ളതുകൊണ്ട് രോഗിയുമായി ഇടപെടുമ്പോൾ ഗൗൺ ധരിക്കണം.

വായുകണങ്ങളിൽനിന്ന് 95 ശതമാനം സംരക്ഷണം നൽകുന്ന എൻ95 മാസ്കുകൾ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.