വജ്ര വ്യാപാരി നീരവ് മോഡി ലണ്ടനില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോഡി ലണ്ടനില്‍ അറസ്റ്റില്‍. അല്‍പ സമയത്തിനകം നീരവ് മോഡിയെ ലണ്ടനിലെ കോടതിയില്‍ ഹാജരാക്കും.

രാജ്യം വിട്ട് പതിനേഴ് മാസത്തിന് ശേഷമാണ് ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ച് ഇയാള്‍ക്കെതിരെ ബ്രിട്ടനില്‍ നിയമനടപടി ഉണ്ടായിരിക്കുന്നത്.

Loading...

കഴിഞ്ഞ ആഗസ്റ്റിലാണ് നീരവ് മോഡിയെ കൈമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14,356 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി നീരവ് മോഡി(48)ക്കെതിരേ ഇന്ത്യയുടെ നിര്‍ണ്ണായക നീക്കത്തോടെ ബ്രിട്ടനില്‍ കുരുക്കു മുറുകുകയായിരുന്നു.

ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി മോഡിക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഈ മാസം 25നു നീരവ് മോഡിയെ കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവിട്ടത്. തട്ടിപ്പു പുറത്തുവന്നതിനു പിന്നാലെയാണു മോഡിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും രാജ്യംവിട്ടത്. ചോക്‌സിയെ ആന്റിഗ്വയില്‍ കണ്ടെത്തിയെങ്കിലും ഇന്ത്യയുടെ നീക്കങ്ങളോട് ആന്റിഗ്വ സര്‍ക്കാര്‍ മുഖംതിരിക്കുകയായിരുന്നു.

മോഡിയുടെ ലണ്ടന്‍വാസം ദിവസങ്ങള്‍ക്കു മുമ്പ് ഒരു ബ്രിട്ടീഷ് മാധ്യമമാണു പുറത്തുകൊണ്ടുവന്നത്. ലണ്ടനില്‍ അദ്ദേഹം വജ്രവ്യാപാരം തുടങ്ങിയതായും കണ്ടെത്തിയിരുന്നു.

നീരവ് മോഡിയെ വിട്ടുകിട്ടുന്നതിന് 2018 ഓഗസ്റ്റില്‍ ഇ.ഡി. അപേക്ഷ നല്‍കിയിരുന്നു. അടുത്ത ദിവസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും നീരവിനെ അറസ്റ്റ് ചെയ്യാമെന്നാണു സൂചനകള്‍ വ്യക്തമായിരുന്നു. അറസ്റ്റിനുശേഷം അദ്ദേഹത്തെ ഇന്ത്യക്കു വിട്ടുകിട്ടാനുള്ള നടപടി തുടങ്ങുമെന്നാണ് സൂചന.