നിര്‍ഭയ കേസ്; പ്രതികള്‍ക്ക് കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കും

തീഹാര്‍ ജയിലില്‍ കഴിയുന്ന നിര്‍ഭയ പ്രതികള്‍ക്ക് കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കുമെന്ന് അധികൃതര്‍. അക്ഷയ്,വിനയ് ശര്‍മ്മ എന്നിവര്‍ക്ക് ബന്ധുക്കളെ കാണുന്നത് അറിയിക്കാന്‍ നിര്‍ദേശം നല്‍കി. അതേസമയം നിര്‍ഭയ കേസ് പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ ജയിലില്‍ വച്ച് സ്വയം മുറിവേല്‍പ്പിക്കുവാന്‍ ശ്രമം നടത്തിയിരുന്നു. സെല്ലിനുള്ളിലെ ഭിത്തിയില്‍ തലയിടിച്ചാണ് ഇയാള്‍ സ്വയം പരിക്കേല്‍പ്പിച്ചിരുന്നത്. തുടര്‍ന്ന് ഇയാള്‍ മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ തീഹാര്‍ ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് ഡല്‍ഹി പട്യാല ഹൗസ്‌കോടതി ഇന്ന് പരിശോധിക്കും. സ്വന്തം കുടുംബാംഗങ്ങളെ പോലും ഇയാള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് അഭിഭാഷകനായ എ.പി സിംഗ് കോടതിയെ അറിയിച്ചിരുന്നു. വിനയ് ശര്‍മയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്നാണ് തിഹാര്‍ ജയില്‍ അധികൃതര്‍ കഴിഞ്ഞ ചൊവ്വാഴ്ച കോടതിയെ അറിയിച്ചത്. ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഇന്ന് നല്‍കും. ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ ഓരോകാരണങ്ങള്‍ പറഞ്ഞ് ഹര്‍ജി നല്‍കുകയാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

വധശിക്ഷ ഉറപ്പാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ജയില്‍ അധികൃതര്‍ പ്രതികളെ കര്‍ശനമായി നിരീക്ഷിച്ചു വരികയാണ്. വിനയ് ശര്‍മ ജയിലിനുള്ളില്‍ നിരാഹാരസമരത്തിലാണെന്നും ജയിലിനുള്ളില്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റതായും ഇയാളുടെ അഭിഭാഷകന്‍ ഈയാഴ്ചയുടെ തുടക്കത്തില്‍ കോടതിയെ അറിയിച്ചിരുന്നു. ഇയാള്‍ ഗുരുതര മാനസികരോഗത്തില്‍ പെട്ടിരിക്കുകയാണെന്നും അതിനാല്‍ വധശിക്ഷ നടപ്പാക്കാനാകില്ലെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഇതിനെ തുടര്‍ന്ന് വിനയ് ശര്‍മയ്ക്ക് പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്താന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചിരുന്നു.

Loading...

മരണവാറന്റ് കിട്ടിയതോടെ നാലു പ്രതികളും ആക്രമണകാരികളായി മാറിയിട്ടുണ്ട് എന്നാണ് ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ജയില്‍ വാര്‍ഡന്മാരെയും ഗാര്‍ഡുകളെയും ആക്രമിക്കാന്‍ ശ്രമിക്കാറുണ്ടെന്നും പറഞ്ഞു. ഇവരുടെ പെരുമാറ്റത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. പക്ഷേ ഇവരുടെ ഭക്ഷണ രീതികള്‍ക്ക് മാറ്റം ഉണ്ടായിട്ടില്ല. ചിലപ്പോള്‍ ഉച്ചഭക്ഷണം കഴിക്കാതിരിക്കുന്ന മുകേഷ് സിംഗ് പിന്നീട് അമിതമായി ഭക്ഷിക്കുന്നതും കാണാം. ആത്മഹത്യാ നിരീക്ഷണ വിഭാഗം ഇവരെ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. വധശിക്ഷ നീട്ടിക്കിട്ടുന്നതിനും ദയാവായ്പ് ഉണ്ടാക്കുന്നതിനും ജയില്‍പുള്ളികള്‍ സ്വന്തം ശരീരത്ത് മുറിവ് വരുത്തുന്നത് പതിവാണെന്നാണ് അധികൃതരുടെ വാദം. പരിക്കേല്‍ക്കുകയോ തൂക്കത്തില്‍ വ്യത്യാസം വന്നിട്ടുള്ളതായോ കണ്ടാല്‍ അതിലേക്ക് എത്തും വരെ വധശിക്ഷ നീട്ടിവെയ്ക്കാറുണ്ട്.

നിര്‍ഭയകേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച്‌ മൂന്നിന് നടപ്പിലാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിനായി മൂന്നാമത്തെ തവണയാണ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചത്. മാര്‍ച്ച്‌ മൂന്നിന് രാവിലെ ആറ് മണിക്കാണ് ശിക്ഷ നടപ്പാക്കണമെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണയുടെ ഉത്തരവ്. ജനുവരി 17 നും ജനുവരി 31 നും ശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് രണ്ട് തവണ മാറ്റി വെച്ചിരുന്നു.
അതേ സമയം വിനയ് ശര്‍മ്മ സ്വയം മുറിവേല്‍പ്പിക്കുന്നത് ഇതാദ്യമല്ല. നേരത്തേ സ്വന്തം കൈ ഗ്രില്ലിനിടയിലൂടെ കടത്തി ഇയാള്‍ ഒടിക്കാന്‍ ശ്രമിച്ചിരുന്നു. ഫെബ്രുവരി 16 ന് മാതാവ് ജയിലില്‍ മകനെ സന്ദര്‍ശിക്കാനെത്തിയതിന് പിന്നാലെ ആയിരുന്നു ഈ സംഭവം. മകന്‍ തന്നെ തിരിച്ചറിഞ്ഞില്ലെന്ന് ഇവര്‍ ജയില്‍ അധികൃതരോട് പരാതി പറയുകയും ചെയ്തിരുന്നു. പുതിയ മരണവാറന്റ് വന്നതോടെ വിനയ് ശര്‍മ്മയുടെ മനോനില തന്നെ തെറ്റിയ നിലയിലാണെന്നാണ് ജയില്‍ കൗണ്‍സല്‍ എപി സിംഗ് പറയുന്നത്. എന്നാല്‍ ശര്‍മ്മയെ കൗണ്‍സിലിംഗ് നടത്തിയതില്‍ നിന്നും അത്തരമൊരു സൂചന കിട്ടുന്നില്ലെന്ന് മനശ്ശാസ്ത്ര പരിശോധനകള്‍ വ്യക്തമാക്കി.