നിര്‍ഭയ കേസ് പ്രതികളെ നാളെ തൂക്കിലേറ്റും;തൂക്കിക്കൊന്നതുകൊണ്ട് ബലാത്സംഗം ഇല്ലാതാകില്ലെന്ന് പ്രതി

ന്യൂഡല്‍ഹി; ഒടുവില്‍ ആ ദിനം വന്നെത്തിയിരിക്കുകയാണ്. നിര്‍ഭയ കേസ് പ്രതികളെ നാളെ തൂക്കിലേറ്റാന്‍ തീരുമാനിച്ചു. നാളെ പുലര്‍ച്ചെയാണ് നാല് പ്രതികളെയും തൂക്കിക്കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്നത്.എന്നാൽ ഇതിനിടെ വീണ്ടും ദയാഹർജി നൽകിയും കോടതിയെ സമീപിച്ചും ശിക്ഷ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിലാണ് പ്രതികൾ. എന്നാല്‍ ഞങ്ങളെ തൂക്കിക്കൊന്നാല്‍ ബലാത്സംഗങ്ങള്‍ ഒരിക്കലും ഇല്ലാതാകില്ലെന്നും ഇല്ലാതാകുമെങ്കില്‍ തൂക്കിക്കൊല്ലുക തന്നെ വേണമെന്നും പ്രതികളിലൊരാളായ വിനയ് കുമാര്‍ പറഞ്ഞു. ചില പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തെ ദയാഹർജി തള്ളിയിട്ടും പ്രതികളിലൊരാളായ അക്ഷയ് വീണ്ടും രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചിട്ടുണ്ട്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയെയും സമീപിച്ചിരുന്നു.ദയാഹർജി രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ വധശിക്ഷ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെയും സമീപിച്ചിട്ടുണ്ട്.അതേസമയം തീഹാർ ജയിലിൽ ഇവരെ തൂക്കിലേറ്റാനുള്ള അവസാനഘട്ട ഒരുക്കങ്ങളും പൂർത്തിയായി.നാലു പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റാൻ പ്രത്യേക കഴുമരമാണ് തയ്യാറായിരിക്കുന്നത്.

Loading...

പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി തിഹാര്‍ ജയിലില്‍ ഡമ്മി പരീക്ഷണം നടത്തി. ആരാച്ചാര്‍ പവന്‍ ജെല്ലാദ് ബുധനാഴ്ച രാവിലെയാണ് ഡമ്മി പരീക്ഷണം നടത്തിയത്. മുകേഷ് സിങ്, അക്ഷയ് സിങ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നീ നാല് പ്രതികളുടെയും വധശിക്ഷ മാര്‍ച്ച് 20ന് പുലര്‍ച്ചെ 5.30നാണ് നടപ്പാക്കുക. ഈ കൊറോണക്കാലത്തും ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുകയാണ് പ്രതികളുടെ വധശിക്ഷ. ഏഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അങ്ങനെ നിര്‍ഭയ കേസ്സ് പ്രതികള്‍ കഴുമരത്തിലേക്ക്.

എന്നാല്‍ ഇതിനിടയിലും വധശിക്ഷ വൈകിപ്പിക്കുന്നതിനുള്ള പുതിയ അടവുമായി പ്രതികള്‍ രംഗത്ത് എത്തിയിരുന്നു. കൂട്ടബലാത്സംഗം നടന്ന ഡിസംബര്‍ പതിനാറിന് ദില്ലിയില്‍ ഇല്ലായിരുന്നു എന്ന് പ്രതികളിലൊരാളായ മുകേഷ് സിങ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സംഭവം നടന്നതിന്റെ അടുത്ത ദിവസം രാജസ്ഥാനില്‍ നിന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും നിരപരാധിയാണെന്നും മുകേഷ് സിംഗ് വാദിച്ചു. കേസില്‍ വധശിക്ഷ ഉറപ്പാക്കാന്‍ പല പ്രധാന രേഖകള്‍ ദില്ലി സര്‍ക്കാര്‍ മറച്ചുവെച്ചുവെന്ന് ആരോപിച്ച് സെഷന്‍സ് കോടതിയില്‍ മറ്റൊരു ഹര്‍ജിയും നല്‍കി. എന്നാല്‍ അതിനും തിരിച്ചടി കിട്ടി.

ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. കൂടാതെ ശിക്ഷ സ്റ്റേ ചെയ്യാന്‍ നിയമപരമായ എല്ലാ വഴികളും അവസാനിച്ചതോടെ അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നീ പ്രതികള്‍ നേരത്തെ അന്താരാഷ്ട്ര കോടതിയേയും സമീപിച്ചിരുന്നു. പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ കോടതി പുറപ്പെടുവിച്ച നാലാമത്തെ മരണ വാറണ്ടാണിത്. നേരത്തെ മൂന്ന് തവണയും പ്രതികളുടെ ഹര്‍ജികളില്‍ കോടതി തീര്‍പ്പ് കല്‍പിക്കാത്തതിനാല്‍ വിചാരണ കോടതി മരണ വാറണ്ട് റദ്ദാക്കിയിരുന്നു. ഇതിനിടെ മുകേഷ് സിംഗിന്റെ അമ്മ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.