നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി 1 ന്, പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഈ മാസം 22 ന് നടപ്പാക്കില്ല എന്ന് ഉറപ്പായി. പ്രതികളിലൊരാളായ മുകേഷ് സിങ് സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതോടെ പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു. ഫെബ്രുവരി 1 ന് വിധി നടപ്പാക്കും. ഡല്‍ഹി പട്യാല കോടതിയാണ് പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രുവരി 1 ന് രാവിലെ 6 മണിക്ക് തന്നെ പ്രതികളുടെ വധശിക്ഷ നടപ്പാക്കും.

നേരത്തെ ജനുവരി 22ന് രാവിലെ ഏഴിന് വധശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിന് പിന്നാലെ മുകേഷ് സിങ് രാഷ്ട്രപതിക്ക്‌ ദയാഹര്‍ജി സമര്‍പ്പിച്ചതിനാല്‍ വിധി നടപ്പാക്കല്‍ വീണ്ടും നീളുകയായിരുന്നു.അതേസമയം പ്രതികളിലൊരാളായ പവന്‍ ഗുപ്ത വെള്ളിയാഴ്ച വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 19ലെ ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടാണ് പവന്‍ ഗുപ്തയുടെ പുതിയ ഹര്‍ജി. 2012ല്‍ കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല, അതുകൊണ്ട് കുട്ടികുറ്റവാളിയായി പരിഗണിച്ച് വിചാരണ ചെയ്യണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു നേരത്തെ പവന്‍ ഗുപ്ത കോടതിയെ സമീപിച്ചത്.

Loading...

എന്നാല്‍ ഈ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളുകയായിരുന്നു. ഇതിനെതിരേയാണ് പ്രതിയുടെ പുതിയ ഹര്‍ജി.മുകേഷ് സിങിനും, പവന്‍ ഗുപ്തയ്ക്കും പുറമേ വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നീ പ്രതികളെയാണ് ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റുക. കേസിലെ മറ്റൊരു പ്രതി റാം സിങ് വിചാരണയ്ക്കിടെ നേരത്തെ തിഹാര്‍ ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ജുവനൈല്‍ നിയമപ്രകാരം മൂന്ന് വര്‍ഷത്തെ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുകയും ചെയ്തു.

ജയില്‍ നിയമങ്ങള്‍ ലംഘിച്ചതിന് നാലുപേരും നിരവധിതവണ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. വിനയ് 11 തവണയും പവന്‍ എട്ടു തവണയും മുകേഷ് മൂന്നു തവണയും അക്ഷയ് ഒരു പ്രാവശ്യവും ആണ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ടത്. ജയിലില്‍ കഴിയുമ്പോള്‍ പഠിക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നു. 2016ല്‍ മുകേഷ്, പവന്‍, അക്ഷയ് എന്നിവര്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയെങ്കിലും പരാജയപ്പെട്ടു. 2015ല്‍ വിനയ് ഡിഗ്രിക്കു ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല. ജയില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

2012 ഡിസംബര്‍ 16 ന് രാത്രിയായിരുന്നു 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർഥിനി ഡൽഹിയിൽ ഓടുന്ന ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. സംഭവത്തിനുശേഷം പെൺകുട്ടിയെയും സുഹൃത്തിനെയും സംഘം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലും പിന്നീട് സിംഗപ്പൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഡിസംബർ 29ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.