എന്നെ ആരാച്ചാരാക്കൂ… നിര്‍ഭയ കേസിലെ പ്രതികളെ ഞാൻ കൊന്നുതരാമെന്ന് രാഷ്ട്രപതിക്ക് കത്തെഴുതി യുവാവ്

എന്നെ ആരാച്ചാരായി നിയമിക്കൂ…ഞാൻ നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാമെന്ന് രാഷ്ട്രപതിക്ക് കത്തെഴുതി ഷിംല സ്വദേശി. രവികുമാർ എന്നയാളാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.

നിർഭയ കേസിലെ പ്രതികളുടെ ശിക്ഷ നടപ്പാക്കാൻ വേണ്ടിയാണ് താൻ താത്കാലിക ആരാച്ചാരാകാൻ തയ്യാറായതെന്നാണ് രവികുമാർ പറയുന്നത്. തന്നെ തിഹാർ ജയിലിലെ താത്കാലിക ആരാച്ചാരായി നിയമിച്ചാൽ നിർഭയ കേസിലെ പ്രതികളെ ഉടൻതന്നെ തൂക്കിക്കൊല്ലാമെന്നും കത്തിൽ പറയുന്നു.

Loading...

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി അടുത്തിരിക്കെ തിഹാർ ജയിലിൽ ആരാച്ചാർ ഇല്ലെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ആരാച്ചാരാകാൻ തയ്യാറാണെന്ന് അറിയിച്ച് ഹിമാചൽ സ്വദേശി രംഗത്തെത്തിയത്.

ഹൈദരാബാദിലെ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം ചര്‍ച്ചയായിരിക്കെ ആറ് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കേണ്ട സമയം അടുക്കുന്നു. ഒരു മസത്തിനുള്ളില്‍ പ്രതികളുടെ വധശിക്ഷ നടപ്പിലായേക്കുമെന്നാണ് തീഹാര്‍ ജയില്‍ അധികൃതര്‍ നല്‍കുന്ന സൂചന.

ഈ സാഹചര്യത്തില്‍ ആരാച്ചാര്‍ ലഭ്യമല്ലാത്തതാണ് ജയില്‍ അധികൃതരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഏത് നിമിഷവും വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള ബ്ലാക്ക് വാറണ്ട് വരാം. അതുകൊണ്ടുതന്നെ ആരാച്ചാര്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് തീഹാര്‍ ജയില്‍ അധികൃതര്‍.

മുകേഷ് സിംഗ്, പവന്‍, അക്ഷയ്, വിനയ് ശര്‍മ്മ എന്നീ പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ഇതില്‍ വിനയ് ശര്‍മ്മ സമര്‍പ്പിച്ച ദയാഹര്‍ജി ഡല്‍ഹി ലെഫ് ഗവര്‍ണര്‍ തള്ളിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ ശിപാര്‍ശ ഇനി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കും. രാഷ്ട്രപതി കൂടി ദയാഹര്‍ജി തള്ളിയാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കും.

നിലവില്‍ ശിക്ഷ കാത്ത് കഴിയുന്ന പ്രതികളില്‍ വിനയ് ശര്‍മ്മ മാത്രമേ ദയാഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളൂ. മറ്റ് പ്രതികള്‍ ദയാഹര്‍ജി നല്‍കിയിട്ടില്ല. മുകേഷ്, പവന്‍, അക്ഷയ് എന്നീ പ്രതികളാണ് ദയാഹര്‍ജി സമര്‍പ്പിക്കാത്തത്. ഇവര്‍ക്ക് ദയാഹര്‍ജി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണോയെന്ന് കോടതി തീരുമാനിക്കും.

കൂടുതല്‍ സമയം അനുവദിക്കുന്നില്ലെങ്കില്‍ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജിയില്‍ രാഷ്ട്രപതിയുടെ തീരുമാനം വന്നാല്‍ ഉടന്‍ വധശിക്ഷയുടെ നടപടികള്‍ തുടങ്ങും. രാഷ്ട്രപതി തീരുമാനം എടുത്തുകഴിഞ്ഞാല്‍ കോടതി ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കും. തുടര്‍ന്ന് പ്രതികളുടെ ബന്ധുക്കളെ വിവരം അറിയിക്കും.

നിര്‍ഭയ കേസിലെ പ്രതികളുടെ കാര്യത്തില്‍ ഈ നടപടികളെല്ലാം ഒരു മാസത്തിനകം പൂര്‍ത്തിയാകും. ഒരു മാസത്തിനുള്ളില്‍ വധശിക്ഷ നടപ്പിലാക്കേണ്ട സാഹചര്യത്തില്‍ മറ്റ് ജയിലുകളില്‍ നിന്ന് അടക്കം ആരാച്ചാര്‍മാരെ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് തീഹാര്‍ ജയില്‍ അധികൃതര്‍.

രാജ്യത്തെ അവസാനത്തെ ആരാച്ചാര്‍ യു.പിയില്‍ നിന്നുള്ള വ്യക്തിയാണ്. ഇയാളുടെ ഗ്രാമത്തിലും തീഹാര്‍ ജയില്‍ അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയാണ് തീഹാര്‍ ജയിലില്‍ അവസാനമായി നടപ്പിലാക്കിയത്. അന്ന് ജയില്‍ ഉദ്യോഗസ്ഥരില്‍ ഒരാള്‍ തന്നെയാണ് ആരാച്ചാരായത്.