നിര്‍ഭയകേസ്: പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ മാര്‍ച്ച്‌ 3 നു നടത്തും. ഇത് സംബന്ധിച്ച്‌ ഡല്‍ഹി പട്യാല കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു. മാര്‍ച്ച്‌ 3 നു രാവിലെ 6 മണിക്ക് നാലു പ്രതികളുടെയും വധ ശിക്ഷ ഒരുമിച്ചു നടപ്പാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

Loading...

കേസില്‍ പ്രതികള്‍ക്ക് ഇത് മൂന്നാം തവണയാണ് മരണ വാറണ്ട് പുറപ്പെടുവിക്കുന്നത്. നേരത്തെ ജനവുരി 17-നും ഫെബ്രുവരി ഒന്നിനും പ്രതികളെ തൂക്കിലേറ്റാനുള്ള മരണവാറണ്ടുകളുണ്ടായിരുന്നു. എന്നാല്‍ ദയാ ഹര്‍ജികളും മറ്റു നിയമനടപടികളും കാരണം കോടതി വാറണ്ടുകള്‍ സ്‌റ്റേ ചെയ്യുകയായിരുന്നു.

അതേ സമയം കേസിലെ പ്രതിയായ പവന്‍ ഗുപ്തക്ക് ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാനുള്ള അവസരം അവശേഷിക്കുന്നുണ്ട്. അത്‌ക്കൊണ്ട് തന്നെ വീണ്ടും ഇപ്പോള്‍ പുറപ്പെടുവിച്ച മരണവാറണ്ട് വീണ്ടും മാറ്റിവെക്കേണ്ടി വരും. ബാക്കി മൂന്ന് പേരുടേയും ദയാഹര്‍ജി നേരത്തെ രാഷ്ട്രപതി തള്ളിയതാണ്.

വധശിക്ഷ അനന്തമായി വൈകിപ്പിക്കാൻ പ്രതികൾ ശ്രമിക്കുന്നുവെന്ന നിർഭയയുടെ മാതാപിതാക്കളുടെ പരാതിപ്പെടുന്നതിനിടെയാണ് ഡൽഹി പട്യാല ഹൗസ് കോടതി മരണവാറന്റിനുള്ള അപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ രണ്ടുതവണ പരിഗണിച്ചപ്പോഴും പ്രതി പവൻകുമാർ അഭിഭാഷകനെ നിയോഗിച്ചിരുന്നില്ല. പ്രതിയുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കോടതി നിലപാടെടുത്തു. അവസാന ശ്വാസം വരെ പ്രതികൾക്ക് നിയമസഹായത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഡൽഹി ലീഗൽ സർവീസ് അതോറിറ്റിയിലെ അഡ്വ. രവി ഖാസിയെ പവൻകുമാറിന്റെ അഭിഭാഷകനായി നിയമിക്കുകയും ചെയ്തു.